വൈദ്യുതി വകുപ്പിന്റെ അനാസ്ഥ;കുണ്ടറയിൽ വൈദ്യുതാഘാതമേറ്റ് 15കാരന്‍ മരിച്ചു

Advertisement

കുണ്ടറ: വഴിവിളക്കുകള്‍ തെളിയിക്കാന്‍ സുരക്ഷിത സംവിധാനമില്ലാതെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിരുന്ന വയറില്‍ തട്ടി 15 വയസ്സുകാരന്‍ മരിച്ചു. കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ ചന്ദനത്തോപ്പ് നവകൈരളി നഗറില്‍ സൗത്ത് ഡേലില്‍ അര്‍ഫാന്‍ എം.എസ്. (15) ആണ് മരണപ്പെട്ടത്. കേരളപുരം സെന്റ് വിന്‍സെന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ വൈകിട്ട് 5.30-ഓടെ സെന്റ് വിന്‍സന്റ് സ്‌കൂള്‍ മൈതാനത്ത് കാല്‍പന്ത് കളിച്ചുകൊണ്ടിരിക്കുന്നതിനടയിലായിരുന്നു അപകടം. മതിലിനുപുറത്ത് ഇടവഴിയിലേക്ക് തെറിച്ചുപോയ പന്ത് എടുക്കാനായി മതില്‍ ചാടി കടക്കുന്നതിനിടയില്‍ വഴി വിളക്കുകളുടെ വൈദ്യുതി ബന്ധ നിയന്ത്രണത്തിനായി വൈദ്യുതി തൂണില്‍ സ്ഥാപിച്ചിരുന്ന വയറുകളില്‍ തട്ടുകയായിരുന്നു. ഉടന്‍തന്നെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വൈദ്യുതി പോസ്സുകളില്‍ സ്ഥാപിച്ചിട്ടുള്ള വഴി വിളക്കുകള്‍ തെളിക്കാനായി ഇപ്പോഴും തുടര്‍ന്ന് വരുന്ന പ്രാകൃത നടപടികളുടെ രക്തസാക്ഷിയാണ് അര്‍ഫാന്‍. ഇഎസ്എല്‍ബിയോ ഫ്യൂസ് യൂണിറ്റോ സ്ഥാപിച്ച് വൈദ്യുതി നിയന്ത്രണം നടത്തുന്നതിന് പകരം ഇന്‍സുലേഷന്‍ മാറ്റിയ കമ്പികള്‍ പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുന്നത് പലയിടത്തും നിത്യകാഴ്ചയാണ്. മാതാവ്: ഹാംലത്. സഹോദരങ്ങള്‍: ആസിഫ, ആഫിറ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃക്കരുവ മുസ്ലിം ജുമാ അത്ത് ഖബര്‍സ്ഥാനില്‍.

Advertisement