കുന്നത്തൂർ:മോഷ്ടാക്കൾ സഞ്ചരിച്ച കാറും സിനിമാ സ്റ്റെയ്ലിൽ പിടികൂടാനെത്തിയ പൊലീസ് ജീപ്പും
നേർക്കുനേർ കൂട്ടിയിടിച്ചു.അപകടത്തിൽ പൊലീസ് ജീപ്പിന്റെ ബംപർ ഭാഗവും മോഷ്ടാക്കൾ സഞ്ചരിച്ച കാർ ഭാഗികമായും തകർന്നു.കാറിൽ ഉണ്ടായിരുന്ന 4 യുവാക്കളിൽ 3 പേർ ഓടി രക്ഷപ്പെട്ടു.ഒരാളെ പൊലീസ്
കസ്റ്റഡിയിലെടുത്തു.ഇയ്യാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഓടി രക്ഷപ്പെട്ട പ്രതികൾക്ക് അപകടത്തിൽ പരിക്കേറ്റതായി സൂചനയുണ്ട്.
കുന്നത്തൂർ പനന്തോപ്പ് ജംഗ്ഷനിൽ വെള്ളിയാഴ്ച പകൽ 2 കഴിഞ്ഞാണ് സംഭവം.ഏനാത്ത് പൊലീസിന്റെ വാഹനമാണ് മോഷ്ടാക്കൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചത്.ഏനാത്ത് സ്റ്റേഷൻ പരിധിയിൽ നടന്ന നിരവധി വാഹന
മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്.മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച നിരീക്ഷണ ക്യാമറാദൃശ്യങ്ങളിൽ പ്രതികളെ കുറിച്ചുള്ള സൂചന
പൊലീസിന് ലഭിച്ചിരുന്നു.
ഇതു പ്രകാരം
പൊലീസ് നിരീക്ഷണം നടത്തി വരുന്നതിനിടെ പ്രതികൾ സഞ്ചരിച്ച വാഹനം ശ്രദ്ധയിൽപ്പെട്ടു.തൃക്കണ്ണാപുരം ക്ഷേത്രം റോഡിലൂടെ പോകുന്ന ഈ വാഹനത്തിന് പിന്നാലെ മഫ്തിയിൽ ഏനാത്ത് സ്റ്റേഷനിലെ ഒരു പൊലീസുകാരനും കാറിൽ പിന്തുടർന്നു.പനന്തോപ്പിലെത്തി ഏഴാംമൈൽ ഭാഗത്തേക്ക് ഇരു വാഹനങ്ങളും വേഗതയിൽ പായുന്നതിനിടെ എതിർദിശയിൽ നിന്ന് ഏനാത്ത് സി.ഐ ജി.വിഷ്ണുവിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് ജീപ്പുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നിർത്താൻ യുവാക്കൾ
തയ്യാറാകാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.അതിനിടെ കുന്നത്തൂർ ലക്ഷംവീട് കോളനി സ്വദേശികളാണ് അപകടത്തിൽപ്പെട്ടയുടൻ വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ടതെന്നും ഇവർ സഞ്ചരിച്ച വാഹനവും മോഷ്ടിച്ചതാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.