അഞ്ചല്‍: അഗസ്ത്യക്കോട് രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയയാള്‍ പിടിയില്‍. നിരവധി മോഷണക്കേസിലെ പ്രതിയായ ചണ്ണപ്പേട്ട മണക്കോട് സ്വദേശി വെള്ളംകുടി ബാബു എന്നറിയപ്പെടുന്ന ബാബുവാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 16നായിരുന്നു സംഭവം. അഗസ്ത്യക്കോട് സ്വദേശികളായ നാസര്‍, സിറാജ് എന്നിവരുടെ വീടുകളിലായിരുന്നു മോഷണം. വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറിയ ബാബു, നാസറിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പവന്‍ സ്വര്‍ണവും വാച്ചുകളും കവര്‍ന്നു. സ്വര്‍ണാഭരണങ്ങളും വാച്ചുകളും പ്ലാസ്റ്റിക് കവറിലാക്കി ഇയാള്‍ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ കാട്ടില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ പോലീസ് കണ്ടെടുത്തു.
ബാബുവിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സമീപത്തെ പുരയിടത്തില്‍ ആള്‍ത്താമസമില്ലാത്ത ഷെഡില്‍ തങ്ങിയാണ് ബാബു മോഷണം നടത്തിയത്. നാസര്‍ കുടുംബസമേതം വിദേശത്താണ്. സിറാജിന്റെ വീട്ടിലും ആരുമില്ലായിരുന്നു. അഞ്ചല്‍ സി.ഐ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.