വോട്ടെടുപ്പ് സമ്പൂര്‍ണ നിരീക്ഷണത്തില്‍: കളക്ടര്‍

Advertisement

വോട്ടെടുപ്പ് പ്രക്രിയ തുടക്കം മുതല്‍ ഒടുക്കംവരെ കൃത്യമായ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പോളിംഗ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങളെല്ലാം ഓരോ മണിക്കൂറിലും വിലയിരുത്തുന്നതിന് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനാണ് ഉപയോഗിക്കുക. സംവിധാനംവഴി പോളിംഗ്നില കൃത്യമായി രേഖപ്പെടുത്താനാകും. സ്ത്രീ/പുരുഷ വോട്ടിംഗ് ശതമാനം ഉള്‍പ്പടെയാണ് ലഭിക്കുക. ആപ്പില്‍ ഉള്‍ക്കൊള്ളിക്കുന്ന മണിക്കൂര്‍തോറുമുള്ള വിവരങ്ങള്‍ മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വരണാധികാരി തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷണവിധേയമാക്കാം.
പോളിംഗ്സംഘം വിതരണകേന്ദ്രത്തില്‍നിന്ന് പുറപ്പെടുന്നത്മുതല്‍ വോട്ടിംഗ്പ്രക്രിയ അവസാനിക്കുന്നത്വരെയുള്ള വിവരങ്ങളെല്ലാം തത്സമയം ആപ്പിലേക്ക് രേഖപ്പെടുത്തും. ഇവ കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
പോളിംഗ് പ്രക്രിയയുടെ വിവിധഘട്ടങ്ങളെക്കുറിച്ചുള്ള സംശയനിവാരണത്തിനും പോള്‍മാനേജര്‍ സഹായകമാണ്. സംശയങ്ങള്‍ ചോദ്യരൂപത്തില്‍ ഉള്‍പ്പെടുത്തിയാണ് സജ്ജീകരിച്ചിട്ടുള്ളത്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സന്ദേശങ്ങള്‍ കൈമാറുന്നതിനുമാകും.
പോളിംഗ് ദിനത്തില്‍ എന്‍കോര്‍ പോര്‍ട്ടലിന്റെ സാധ്യകളും പ്രയോജനപ്പെടുത്തും. നിശ്ചിത ഇടവേളകളിലാണ് ഇവിടേക്ക് വിവരങ്ങള്‍ ലഭ്യമാകുക. നിരീക്ഷണ സെല്ലിന്റെ സഹായത്തോടെയാണ് വോട്ടിംഗ്സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുക. പോള്‍മാനേജരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും എന്‍കോറിലേക്ക് ചേര്‍ക്കും. തടസമുണ്ടാകുന്ന സാഹചര്യത്തില്‍ ഫോണ്‍മുഖാന്തിരം വിവരശേഖരണം നടത്തിയും തത്സമയ സ്വഭാവം നിലനിര്‍ത്തും. എല്ലാ എ.ആര്‍.ഒമാര്‍ക്കും സംവിധാനങ്ങള്‍ സംബന്ധിച്ച അന്തിമഘട്ട പരിശീലനം ഓണ്‍ലൈനായി നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

എല്ലാവര്‍ക്കും https://www.eci.gov.in/voter-turnout-app ലിങ്കിലൂടെ വിവരങ്ങള്‍ ലഭിക്കും. ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Advertisement