ശാസ്താംകോട്ട: വൃത്തിയാക്കുന്നതിനിടെ ആദിക്കാട് ജംഗ്ഷനിൽ കിണറ്റിൽ അകപ്പെട്ട ആളെ രക്ഷപ്പെടുത്തി.സോപാനത്തിൽ രാജിയുടെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെ
ജയപ്രകാശ്(59) ആണ് അകപ്പെട്ടത്.കിണറ്റിനുള്ളിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന്
ശാസ്താംകോട്ടയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ,എ.എസ്.റ്റി.ഒ ജോസ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന
സ്ഥലത്ത് എത്തുകയും
തൊഴിലാളിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
കിണറ്റിൽ വായുസഞ്ചാരം തീരെ കുറവാണെന്ന് മനസ്സിലാക്കിയ അഗ്നിരക്ഷാസേന
ഓക്സിജൻ സിലിണ്ടർ തുറന്നുവിട്ട് കിണറ്റിലേക്കുള്ള വായു സഞ്ചരം സുഗമമാക്കി.തുടർന്ന്
സാഹസികമായി കിണറ്റിൽ ഇറങ്ങിയ സണ്ണി എന്ന ഫയർമാൻ 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും നെറ്റിന്റെയും റോപ്പിന്റെയും മറ്റ് സേന അംഗങ്ങളുടെയും സഹായത്തോടെ
ജയപ്രകാശിനെ സുരക്ഷിതമായി മുകളിൽ എത്തിക്കുകയായിരുന്നു.പിന്നീട് ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഫയർ ഓഫീസർമാരായ രതീഷ്,അഭിലാഷ്,വിജേഷ്,ഫയർ ഓഫീസർ ഡ്രൈവർമാരായ രാജീവൻ,ഷാനവാസ്,ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. വേനൽക്കാലത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവർ ശരിയായ മുൻകരുതലുകളും, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതാണ് അപകടങ്ങൾ കൂടാൻ കാരണമെന്ന് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ പറഞ്ഞു.