ഭരണിക്കാവിൽ കൊട്ടിക്കയറി ആവേശം

Advertisement

ശാസ്താംകോട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് ഭരണിക്കാവ് ടൗണിൽ നടന്ന കൊട്ടിക്കലാശം ആവേശമായി.ബുധൻ വൈകിട്ട് അഞ്ചോടെയാണ് ടൗണിൽ കൊട്ടിക്കലാശം ആവേശത്തിന്റെ ഉച്ചസ്ഥായിലെത്തിയത്.യുഡിഎഫ്,
എൽഡിഎഫ്,എൻഡിഎ തുടങ്ങിയ പ്രധാന മുന്നണികളുടെ താലൂക്കിലെ നേതാക്കളും പ്രവർത്തകരും
വൈകിട്ട് 4ന് തന്നെ ടൗണിൽ എത്തിച്ചേർന്നിരുന്നു.
അനൗൺസ്മെന്റ് വാഹനങ്ങളും പ്രവർത്തകരും സംഗമിച്ചതോടെ ഒരു മണിക്കൂറോളം ഭരണിക്കാവിൽ ഗതാഗതവും നിശ്ചലമായി.നാല് റോഡുകളും ഒത്തുചേരുന്ന ട്രാഫിക്ക്
ഐലന്റിനു സമീപമാണ് കൊടികളും പ്ലക്കാർഡുകളും സ്ഥാനാർത്ഥികളുെടെ കട്ടൗട്ടുകളും ഏന്തി പ്രവർത്തകർ ഒത്തുചേർന്നത്.ഡി.ജെ വാഹനങ്ങളിൽ നിന്നും ഒഴുകിയെത്തിയ പാട്ടുകൾക്കൊപ്പം പ്രവർത്തകർ നൃത്തച്ചുവടുകൾ വച്ച് കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളമെത്തിച്ചു.നിർത്തിയിട്ടിരുന്ന ബസ്സുകളുടെയും ലോറികളുടെയും മുകളിൽ കയറി തങ്ങളുടെ കൊടി വീശുന്ന പ്രവർത്തകരും ധാരാളമായിരുന്നു.6 മണിയോടെ പൊലീസ് നിർദ്ദേശപ്രകാരം കൊട്ടിക്കലാശത്തിന് സമാപ്തി കുറിച്ചു.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും മുന്നണികൾ കലാശക്കൊട്ട് സംഘടിപ്പിച്ചിരുന്നു.