ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്ര ഭൂമി കൈയ്യേറി മണ്ണിട്ടു നികത്താൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായി പരാതി
ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്ര ഭൂമി കൈയ്യേറി മണ്ണിട്ടു നികത്താൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായി പരാതി.ശാസ്താംകോട്ട ബി.ആർ.സിയ്ക്ക് സമീപമുള്ള ക്ഷേത്രഭൂമിയാണ് സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്താൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം.തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും അഭാവം മുതലെടുത്താണ് നിയമലംഘനം നടത്താനുള്ള ശ്രമം നടന്നത്.ലോഡ് കണക്കിന് മണ്ണ് വാഹനത്തിൽ എത്തിച്ചാണ് ഭൂമി നികത്തിയത്.ക്ഷേത്ര ഭൂമിയുടെ ഒരു ഭാഗം തങ്ങളുടേതാണെന്ന്
അവകാശവാദമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ നേരത്തെ സമീപിച്ചിരുന്നു.എന്നാൽ കോടതി വിധി അനുകൂലമായില്ല.ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ക്ഷേത്രം 37 ഏക്കറിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.മുൻപും ക്ഷേത്ര ഭൂമി കയ്യേറാനുള്ള ശ്രമം നടന്നിരുന്നു.ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ ഭൂമി കയ്യേറാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതർ ശാസ്താംകോട്ട സി.ഐയ്ക്ക് പരാതി നൽകി.