ശാസ്താംകോട്ട: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിലെ കടപുഴയിൽ കല്ലടയാറിന്റെ തീരത്ത് നടപ്പിലാക്കിയ കടപുഴ ബാക്ക് വാട്ടർ റിസോർട്ട് പദ്ധതിക്ക് അവഗണന.പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിടം നാശോന്മുഖമായി.ഒന്നര കോടി രൂപയിലധികം ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഉപയോഗിക്കാത്തത് മൂലവും നിർമ്മാണത്തിലെ അപാകതകൾ മൂലവുമാണ് നശിക്കുന്നത്.ടൂറിസം വികസനത്തിന്റെ ഭാഗമായി അഷ്ടമുടി കായലിന്റെയും കല്ലടയാറിന്റെയും ശാസ്താംകോട്ട തടാകത്തിന്റെയും ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറേ കല്ലടയിൽ എത്തുന്നവർക്ക് ഗ്രാമീണ സൗന്ദര്യം ആസ്വദിച്ച് ഗ്രാമീണ ഭക്ഷണം കഴിക്കുന്നതിന് സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസോർട്ട് ആരംഭിച്ചത്.ബോട്ടിംഗ് ഉൾപ്പെടെ ലക്ഷ്യം വച്ചിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് റിസോർട്ട് ഉദ്ഘാടനം ചെയ്തത്.തുടക്കത്തിൽ റിസോർട്ട് പ്രവർത്തിച്ചിരുന്നങ്കിലും പിന്നീട് നിലച്ചു.കടപുഴയിൽ കല്ലടയാറിന് സമീപത്തായാണ് കെട്ടിടം നിർമ്മിച്ചത്. മഴക്കാലത്ത് കല്ലടയാറ്റിൽ വെള്ളം ഉയരുമ്പോൾ റിസോർട്ടിനുള്ളിലും വെള്ളം കയറും.കെട്ടിടത്തിന്റെ പകുതിയിലധികം ഭാഗം വരെ വെള്ളം കയറുന്നതിനാൽ റിസോട്ട് പ്രവർത്തിക്കാൻ ആരും മുന്നോട്ട് വരാറില്ലത്രേ.ഇത് മുൻകൂട്ടി മനസിലാക്കി കെട്ടിടം ഉയരത്തിൽ നിർമ്മിച്ചിരുന്നങ്കിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ കഴിഞ്ഞേനെ.ജലാശയങ്ങളുടെ സമീപം കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട ദൂരപരിധി ലംഘിച്ചാണ് നിർമ്മാണം നടത്തിയതെന്നും ആക്ഷേപമുണ്ട്.അതിനിടെ അധികൃതർ കയ്യൊഴിഞ്ഞ കെട്ടിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെയും മദ്യപ സംഘത്തിന്റെയും സുരക്ഷിതതാവളമായി മാറിയതായി പരിസരവാസികൾ പറയുന്നു.