ഇടിമിന്നലിന് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Advertisement


കൊല്ലം.ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.
ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരരുത്. കെട്ടിടങ്ങളുടെ ജനലും വാതിലും അടച്ചിടണം, സാമീപ്യവും ഒഴിവാക്കണം. ഭിത്തിയിലോ തറയിലോ തൊടാനുംപാടില്ല. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കണം. ടെലഫോണ്‍ ഉപയോഗിക്കരുത്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായസ്ഥലത്തും ടെറസിലും പോകരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍പാര്‍ക്ക് ചെയ്യാനോ പാടില്ല.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തുടരുക. തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജലാശയത്തില്‍ മീന്‍പിടിക്കാനോ കുളിക്കാനോപാടില്ല. മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ ഒഴിവാക്കണം. ചൂണ്ടയിടുന്നതും വലയെറിയുന്നതും അപകടമാണ്. പട്ടം പറത്തരുത്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകം ഉപയോഗിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടറുമാകാം. മിന്നല്‍ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യസഹായം എത്തിക്കണം എന്നും അറിയിച്ചു.

Advertisement