തടാകം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്, ജലപ്രതിസന്ധിയിലേക്ക് ഇനി അരമീറ്റര്‍ മാത്രം

Advertisement

ശാസ്താംകോട്ട. തടാകം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്. ജലശുദ്ധീകരണശാലയിലെ ഉയരമാപിനിയില്‍ ഇന്നലെ 49സെ.മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ിതേ ദിവസത്തെ ജലനിരപ്പ് 1.04 മീറ്ററായിരുന്നു. അതായത് ഇരട്ടി. അധികൃതരുടെ കണക്ക് പ്രകാരം ദിവസം ഒരു സെന്‌റീമീറ്ററോ അതിലേറെയോ ജലനിരപ്പ് താഴുന്നതായാണ് കാണുന്നത്. 2018നുശേഷം തടാകം വരള്‍ച്ച നേരിട്ടിട്ടില്ല.
കൊല്ലം നഗരത്തിലേക്കും അനുബന്ധ ജല പദ്ധതികള്‍ക്കും വേണ്ട ജലം ലഭിക്കാനുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍ പറഞ്ഞു.
ലീഡിംങ് ചാനലിലേക്കുള്ള ജലനിരപ്പ് കുറഞ്ഞതോടെ തടാകത്തില്‍ പമ്പിംങ് കേന്ദ്രത്തിന് സമീപം ബണ്ടിട്ട് ചാനലിലേക്ക് ജലം നിറയ്ക്കാനുള്ള സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കാലവര്‍ഷം പ്രതീക്ഷിക്കുന്ന ജൂണ്‍വരെ ജലനിരപ്പ് നിലനില്‍ക്കുമെന്ന പ്രതീക്ഷയാണുള്ളത്.
അതിരൂക്ഷമായ വരള്‍ച്ച തടാകം നേരിട്ട സമയത്ത് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് കൊല്ലം നഗരത്തിലേക്ക് പുതിയ ജലപദ്ധതി ഞാങ്കടവില്‍ അനുവദിച്ചത് . കല്ലടആറില്‍ നിന്നും ജലം സംഭരിച്ച് കൊല്ലം നഗരത്തില്‍ക്രമീകരിച്ച പ്‌ളാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. അതി വിപുലമായ പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും കുണ്ടറ നാന്തിരിക്കല്‍ഭാഗത്തെ റോഡ് മുറിച്ചു കടക്കലെന്ന വിഷയത്തില്‍തട്ടി അത് അനിശ്ചിതമായി നില്‍ക്കുകയാണ്. വരള്‍ച്ചയും ജലക്ഷാമവും മുന്‍കൂട്ടിക്കണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നത് അതിശയകരമാണ്. വകുപ്പുകള്‍ തമ്മിലുള്ള ഈഗോക്‌ളാഷിലാണ് ശാസ്താംകോട്ട തടാകത്തിന് ആശ്വാസമാകുന്ന പദ്ധതി തടഞ്ഞുകിടക്കുന്നത്.