ഡോ. വന്ദനാ ദാസ് കൊലപാതകക്കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതി സന്ദീപിനെ വരുന്ന 8 -ാം തീയതി നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ പ്രതിക്കെതിരെയുള്ള കുറ്റപത്രത്തിന് മേല്‍ വാദം കേള്‍ക്കാനിരുന്ന ഇന്ന് പ്രതിഭാഗം സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതിനാല്‍ കുറ്റപത്രത്തിന് മേലുള്ള വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കല്‍ ഈ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയും ചാര്‍ജ്ജിന് മേലുള്ള വാദത്തിന് പ്രോസിക്യൂഷന്‍ തയ്യാറാണെന്നും സാക്ഷി വിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതെന്നും കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്ന കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മെയ് 8ന് പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. വന്ദനാ ദാസിന്റെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
സംഭവം നടന്ന 2023 മെയ് 10ന് തന്നെ അറസ്റ്റിലായ പ്രതി സന്ദീപ് നിലവില്‍ റിമാന്റില്‍ കഴിഞ്ഞു വരികയാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഡോ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ തന്നെയാണ് പ്രോസിക്യൂഷന്റെ തീരുമാനം.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.