ഓപ്പൺ സ്റ്റേജ്,ടൈൽ പാകിയ കൽപ്പടവ്:ശാസ്താംകോട്ട തടാക തീരത്തിന്റെ മുഖഛായ മാറുന്നു

Advertisement

ശാസ്താംകോട്ട:സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ മുഖഛായ മാറ്റിയെഴുതുന്ന തരത്തിലുള്ള സൗന്ദര്യവത്ക്കരണ പദ്ധതിയുമായി അധികൃതർ.തടാക സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ കൂടുതൽ ആകർഷിക്കത്തക്ക തരത്തിലും കൂടുതൽ സന്ദർശകരെ ഇവിടേക്ക് എത്തിക്കുന്ന തരത്തിലുമുള്ള പരിഷ്ക്കരണമാണ് പുരോഗമിക്കുന്നത്.

ദിനംപ്രതി നിരവധി സന്ദർശകർ എത്തുന്ന തടാകതീരത്ത് യാതൊരുവിധ സൗകര്യങ്ങളും ഇല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടും,ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപയുടെ പദ്ധതിയും ചേർത്താണ് അമ്പലക്കടവിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിക്കുന്നത്.ഇതിന് മുന്നോടിയായി കോളേജ് റോഡിൽ നിന്നും അമ്പലകടവിലേക്ക് ഉണ്ടായിരുന്ന റോഡ് കോൺക്രീറ്റ് ചെയ്തും ഇന്റർലോക്ക് ചെയ്തും ഗതാഗതയോഗ്യമാക്കി.
അമ്പലകടവിൽ വള്ളങ്ങൾ അടുപ്പിക്കുന്ന ഭാഗത്ത് ഉണ്ടായിരുന്ന കൽപ്പടവുകൾ പുതുക്കി പണിതു.തൊട്ടടുത്ത് തന്നെ കാത്തിരിപ്പ് കേന്ദ്രവും ഓപ്പൺ ഏയർ ആഡിറ്റോറിയവുമായി ഉപയോഗിക്കാവുന്ന തരത്തിൽ നിർമ്മിക്കുന്ന സ്റ്റേജിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.


കെട്ടിടത്തിൽ 1982ൽ നടന്ന തടാക ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന സിമന്റിൽ തീർത്ത ചിത്രങ്ങൾ ഉണ്ടാകും.ഇതിന്റെ മുൻഭാഗമുൾപ്പെടെ തറയോട് പാകും.ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് അമ്പലകടവിൽ അവസാനിക്കുന്നതും ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതുമായ കൽപ്പടവുകളിൽ ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഈ ഭാഗത്തും തടാകത്തിലേക്കുള്ള റോഡിലും അലങ്കാര വിളക്കുകൾ സ്ഥാപിക്കും.സഞ്ചാരികൾക്ക് ഇരിക്കാൻ സ്റ്റീൽ ബഞ്ചുകളും
എംഎൽഎ ഫണ്ട് ഉപയോഗിച്ച് മിനി മാറ്റ്സ് ലൈറ്റും സ്ഥാപിക്കും.


ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വരുന്നതോടെ തടാകം കാണാൻ വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധന പ്രതീക്ഷിക്കുന്നു.ഇപ്പോൾ തന്നെ വിവാഹ പാർട്ടികൾ സേവ് ദ ഡേറ്റും,ഔട്ട്ഡോർ ഷൂട്ടിനുമായി കൽപ്പടവുകളും തടാക തീരവും കയ്യടക്കിയിട്ടുണ്ട്.റീൽസിനും മറ്റുമായി നിരവധി യുട്യൂബർമാരും എത്തുന്നു.അതിനിടെ രാപകൽ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായ ഇവിടെ രാത്രികാലങ്ങളിൽ ശല്യം വർദ്ധിക്കുമെന്ന ആശങ്കയുമുണ്ട്.ഇതിന് പരിഹാരമായി
നിരീക്ഷണ ക്യാമറകളും സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Advertisement