ജനവാസ മേഖലയിൽ കള്ളഷാപ്പ് അനുവദിക്കുന്നതിനുള്ള നീക്കത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് ജനങ്ങൾ

Advertisement

ചവറ: ജനവാസ മേഖലയിൽ കള്ളുഷാപ്പ് അനുവദിക്കുന്നതിനുള്ള നീക്കത്തിൽ പ്രതിഷേധം കടുപ്പിച്ചു ജനങ്ങൾ. ചവറ താന്നിമൂട് വാർഡിൽ കള്ളുഷാപ്പ് തുടങ്ങുന്നതിന് എതിരെ കഴിഞ്ഞ 24 ദിവസമായി സമരം തുടരുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചവറ വികാസ് കലാസാംസ്കാരിക സമിതിയുടെയും ജനകീയ സമിതിയുടെ യും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രായമായവരും സ്ത്രീകളും ഉൾപ്പെടെ 150 ഓളം ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു. പ്രകടനത്തിനുശേഷം പ്രതിഷേധയോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജിയുടെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം ചവറ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ജെ ആര്‍ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സി പി സുധീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വികാസ് പ്രസിഡന്റ് ജി ബിജു കുമാർ, ഭരണിക്കാവ് രാജൻ, ജെ ജോയ്, സുരേഷ് കുമാർ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. താന്നിമൂട് വാർഡ് മെമ്പർ വിനോദ് സ്വാഗതവും വികാസ് വനിതാവേദി പ്രസിഡൻറ് സുനിത നന്ദിയും അറിയിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടവഴിയിൽ കള്ള് ഷാപ്പ് വരുന്നത് സാമൂഹിക അന്തരീക്ഷത്തെ സാരമായി ബാധിക്കും. കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും എന്ന് ജനകീയസമരസമിതിയും ചവറ വികാസും അറിയിച്ചു