കൊല്ലം: വൈദ്യുതി ബന്ധം തകരാറിലായി കൊല്ലം പുനലൂർ മെമുവിന്റെ യാത്ര തടസപെട്ടു.യാത്രക്കാർ മണിക്കൂറുകളോളം ട്രെയിനിൽ കുടുങ്ങി. കേരളപുരത്തിനും കുണ്ടറയ്ക്കും മധ്യേ ഇന്നലെ വൈകുന്നേരം 5.50 നാണ് വെെദ്യുത ബന്ധം തകരാറിലായത്. രാത്രി 9.15 ഓടെയാണ് ബന്ധം പുനഃസ്ഥാപിച്ചത്.
കിളികൊല്ലൂരിൽ നിന്ന് വണ്ടി പുറപ്പെട്ട് കേരളപുരം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോഴാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഉടൻ തന്നെ വണ്ടിയുടെ ഓട്ടം നിലച്ചു. ഇതേ തുടർന്ന് കൊല്ലം – പുനലൂർ മേഖലയിൽ ഇരു റൂട്ടിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന് യാത്രക്കാർ ബസുകളിൽ കയറിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. പുനലൂർ – മധുര പാസഞ്ചർ കുണ്ടറ സ്റ്റേഷനിലും മധുര- ഗുരുവായൂർ എക്സ്പ്രസ് കൊട്ടാരക്കരയിലും പിടിച്ചിട്ടു.
കന്യാകുമാരി – പുനലൂർ പാസഞ്ചർ പരവൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. ഈ ട്രെയിനിലെ യാത്രക്കാരെ പിന്നാലെയെത്തിയ തിരുവനന്തപുരം – കൊല്ലം പാസഞ്ചറിൽ കയറ്റിവിട്ടു.
കുണ്ടറ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിലെ യാത്രക്കാർക്ക് കുണ്ടറയുടെ സ്റ്റേഷൻ മാസ്റ്റർ വിനോദ് കുമാറിന്റേയും റെയിൽവെ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ സൗജന്യമായിവെള്ളമെത്തിച്ചു നൽകി.