‘പൊടി’ പോലുമില്ല കുമരഞ്ചിറ – കോട്ടയ്ക്കകത്ത് മുക്ക് റോഡിൽ ടാറിങ്

Advertisement

ശാസ്താംകോട്ട:മൂന്ന് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കുമരഞ്ചിറ – കോട്ടയ്ക്കകത്ത് മുക്ക് റോഡ് തകർന്നടിഞ്ഞ് അപകടക്കെണിയാകുന്നു.സ്വകാര്യ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന ഈ റോഡിൽ ടാറിന്റെ അംശം പോലും കാണാനില്ല.ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ ഉൾപ്പെടുന്ന റോഡ് മരണക്കെണിയായി മാറിയിട്ടും അധികൃതർ കണ്ടഭാവം കാട്ടുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.കാൽനട യാത്ര പോലും അസാധ്യമായ റോഡിൽ കുഴികളിൽ വീണുള്ള അപകടങ്ങൾ ദിവസവും വർദ്ധിക്കുകയാണ്.വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്.ഇതിനാൽ സ്വകാര്യ ബസുകളിൽ പലതും സർവ്വീസ് നിർത്തിവച്ചിരിക്കയാണ്.ഇതിനാൽ സ്കൂൾ തുറക്കുന്നതോടെ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാകുമെന്ന കാര്യത്തിൽ തർക്കമില്ല.നൂറുകണക്കിന് കുട്ടികളാണ് ദിവസവും ഇതുവഴി സൈക്കിളിൽ സഞ്ചരിക്കുന്നത്.മഴയിൽ കുഴികളിൽ
വെള്ളം നിറയുന്നതോടെ അപകടങ്ങളുടെ എണ്ണവും വർദ്ധിക്കും.കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷൻ – കുമരഞ്ചിറ – ഭരണിക്കാവ് പ്രധാന പാതയാ വർഷങ്ങളായി തകർന്നു കിടക്കുന്നത്.കുന്നത്തൂർ,ശൂരനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ പരിധിയിൽ വരുന്ന റോഡാണ് അവഗണനയിൽ കുണ്ടും കുഴിയുമായി കിടക്കുന്നത്.ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും
റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാമെങ്കിലും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതത്രേ.അതിനിടെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ വിളിച്ചു കൂട്ടി ശക്തമായ സമരം ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് അഖിൽനാഥ് ഐക്കര അറിയിച്ചു.

Advertisement