അനാഥനായി മരിച്ച സലീമിനെ സനാഥനായി യാത്രയാക്കി സുരഭി

Advertisement

കൊല്ലം. അനാഥനായി മരിച്ച് അഞ്ചുമാസം ബന്ധുക്കളെ കാത്തുകിടന്ന സലീമിന് ഒടുവില്‍ ബന്ധുവായി സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭി. .കൊല്ലം ജില്ലാആശുപത്രിയിൽവച്ച് മരണപ്പെട്ട 54കാരൻ സലീമിന്റെ മൃതദേഹമാണ് അഞ്ച് മാസമായിട്ടും ഏറ്റെടുക്കാനാരുമെത്താതെ കിടന്നത്. മൃതദേഹം സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പഠനാവശ്യത്തിന് വിട്ടുനല്‍കുന്നതിന് മുമ്പ് കുറേ നാള്‍ അന്നമൂട്ടുകയും ആശ്വാസവചനങ്ങള്‍ പറയുകയും ചെയ്ത ബന്ധത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ സലിമീന്‍റെ മതാചാരപ്രകാരം സുരഭി നടത്തുകയായിരുന്നു.

കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസര്‍ പടിഞ്ഞാറേകല്ലട സ്വദേശിനി സുരഭിയാണ് അധികമാരും ചെയ്യാന്‍ താല്‍പര്യപ്പെടാത്ത ആ കര്‍മ്മം നടത്തിയത്. കഴിഞ്ഞ ഡിസംബറിൽ സുരഭിയുടെ അച്ഛന് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരു ന്നു. ഈസമയത്ത് ആണ് വഴിയോരത്ത് വീണുകിടന്ന സലിമിനെ പൊലീസ് എത്തിക്കുന്നത്. സുരഭിയുടെ പിതാവിന്‍റെ തൊട്ടടുത്തുള്ള കിടക്കയിലാണ് സലീമിനെ കിടത്തിയിരുന്നത്. എല്ലാദിവസവും അച്ഛനെ കാണുവാനും ഭക്ഷണം കൊടുക്കുവാനും പോകുന്ന അവസരത്തിൽ സലീമിനും സുരഭി ഭക്ഷണം കരുതി. കുറേ ദിവസങ്ങൾക്ക് ശേഷം സലിം മരിച്ചു.

അപ്രതീക്ഷിതമായി താൻ എത്തിയ സമയം തൻ്റെ കണ്ണിൽ നോക്കിയാണ് സലിം മരിച്ചത്. അത് തൻ്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചതായി സുരഭി പറയുന്നു. ബന്ധുക്കള പറ്റി ചോദിച്ചെങ്കിലും അത് ഇഷ്ടമല്ലാത്ത പോലെ ഒന്നും പറഞ്ഞിരുന്നില്ല, നല്ല വ്യക്തിത്വം തോന്നുന്ന നിസ്കാര തഴമ്പുള്ള നെറ്റിയും ശാന്തമായ മുഖവും മനസിൽ നിന്നുമാഞ്ഞില്ല.

മൃതദേഹം ഏറ്റുവാങ്ങുവാൻ ആരും എത്താത്തതിനെ തുടർന്ന് മോർച്ചറിയിലേക്ക്‌ മാറ്റി. അന്ന് പൊലീസ്‌സർജനോട് അവകാശികൾ ആരുംതന്നെ എത്തിയില്ലെങ്കിൽ സലീമിന് മതാചാരപ്രകാരമുള്ള മരണാനന്തര കർമ്മങ്ങൾ ചെയ്യുവാൻ തനിക്ക് അവസരം തരണമെന്ന്സുരഭി അഭ്യര്‍ത്ഥിച്ചിരുന്നു.

അഞ്ചുമാസമായി ആരും എത്തിയില്ല.കഴിഞ്ഞദിവസം സലീമിന്റെ മൃതദേഹം കൊല്ലം ട്രാവൻ കൂർ മെഡിക്കൽകോളേജിലെകുട്ടികളുടെ പഠനാവശ്യത്തിനായി നൽകാൻ സർക്കാർ ഉത്തരവായ വിവരം പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് സുരഭി കൊല്ലം ജുമാമസ്ജിദിൽ നിന്നും മതപണ്ഡിതരെ ക്ഷണിച്ചു വരുത്തി മരണാനന്തര കർമ്മങ്ങളും പ്രാര്ഥനകളും നടത്തിച്ചു. ഇതിനു ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. ഇതിനായി വേണ്ടിവന്ന ചിലവുകള്‍ മുഴുവന്‍‍ സുരഭി നേരിട്ടു വഹിക്കുകയും ചെയ്തു. യാത്രയാക്കുമ്പോള്‍ അനാഥത്വത്തില്‍ മരവിച്ച സലിമിന്‍റെ ഹൃദയത്തിന് സാന്ത്വനമായി മൃതദേഹത്തില്‍ ഒരു കുറിപ്പുണ്ടായിരുന്നു സലിം, കെയര്‍ഓഫ് സുരഭിമോഹന്‍, സീനിയര്‍ നഴ്സിംങ് ഓഫിസര്‍, ജില്ലാ ആശുപത്രി ,കൊല്ലം

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊല്ലം ബിഷപ്പ്ഹൗസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ട്രാക്കിന്റെയും ഈ വർഷത്തെ മി കച്ച സേവനം കാഴ്ചവച്ച നഴ്സിനുള്ള അവാർഡ്‌ സുരഭി മോഹൻ കരസ്ഥമാക്കിയിട്ടുണ്ട്.പടിഞ്ഞാറേകല്ലട കോതപുരം ആവണി നിലയത്തിൽ റിട്ട. ഹെൽത്ത് ഇൻ സ്പെക്ടർ മോഹനാണ് ഭർത്താവ്. മക്കൾ: ആവണിമോഹൻ നൃത്തഅദ്ധ്യാപികയാണ്.അൽക്ക മോഹൻ കൊല്ലംജില്ലാ ആശുപത്രി യിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയും.

Advertisement