കുന്നത്തൂരിലെ ഇഷ്ടിക ഫാക്ടറികൾ വിസ്‌മൃതിയിലേക്ക്

Advertisement

ശാസ്താംകോട്ട:ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ തഴച്ചു വളർന്നിരുന്ന ഇഷ്ടിക വ്യവസായം നാടിന്റെ മാറ്റത്തിനൊപ്പം മൺമറയുന്നു.പാടശേഖരങ്ങളും പുഴയോരങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന ഇഷ്ടിക ഫാക്ടറികൾ വിസ്‌മൃതിയിലേക്ക് കുപ്പുകുത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ സമീപനങ്ങളും നിയമങ്ങളുമെല്ലാം കാരണമായി.ചെളിയുടെ ലഭ്യതക്കുറവും തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രധാന തടസമായി.കുന്നത്തൂർ താലൂക്കിലെ 7 പഞ്ചായത്തുകളിലായി ഏകദേശം അഞ്ഞുറിലധികം കട്ടച്ചൂളകൾ പ്രവർത്തിച്ചിരുന്നതായാണ് വിവരം.

കല്ലടയാറിന്റെ തീരങ്ങളും പാടശേഖരങ്ങളും കേന്ദ്രീകരിച്ച് കുന്നത്തൂർ,പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് കൂടുതൽ ഫാക്ടറികൾ ഉണ്ടായിരുന്നത്.ശൂരനാട് തെക്ക്,ശൂരനാട് വടക്ക്,പോരുവഴി എന്നിവിടങ്ങളിലും ചൂളകൾ കുറവായിരുന്നില്ല.10 വർഷം മുമ്പ് മുതലാണ് ഫാക്ടറികളുടെ പ്രവർത്തനം പൂർണമായും നിലച്ചത്.ഭാഗികമായി പ്രവർത്തിച്ചു വന്നവ പോലും മുന്നോട്ട് പോകാൻ കഴിയാതെ കുപ്പുകുത്തി.തദ്ദേശീയർ ഇഷ്ടികളങ്ങളിൽ പണിയെടുക്കാൻ വിമുഖത കാട്ടിയതിനെ തുടർന്ന് വൻതോതിൽ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടു വന്ന് വ്യവസായം നിലനിർത്താൻ ഉടമകൾ പരമാവധി ശ്രമിച്ചു.ഇഷ്ടിക നിർമ്മിക്കാൻ വേണ്ടുന്ന അസംസ്കൃത വസ്തുക്കളായ നീലച്ചെളിയുടെയും പശപ്പുള്ള ചുവന്ന മണ്ണിന്റെയും (പുട്ട് മണ്ണ്) ലഭ്യതക്കുറവും തിരിച്ചടിയായി.

ഇതിന് പരിഹാരമായി തമിഴ്നാട്ടിൽ നിന്നടക്കം കൂടിയ വിലയ്ക്ക് ചെളി ഇറക്കേണ്ടതായി വന്നു.ഇതിനൊപ്പം ചൂള കത്തിക്കാനുള്ള വിറകിന്റെ വിലയും തൊഴിലാളികളുടെ ശമ്പളവും കൃതിച്ചുയർന്നു.പിടിച്ചു നിൽക്കാൻ ഇഷ്ടികയുടെ വില വർദ്ധനവായിരുന്നു ഏക ആശ്വാസം.ഇതിനിടയിലാണ് ഹോളോ ബ്രിക്സുകളുടെ കടന്നുവരവ്.ഇതോടെ നാട്ടിൻപുറങ്ങളിൽ പോലും മൺകട്ടയോട് ജനം മുഖം തിരിച്ചു.ഇഷ്ടിക ഫാക്ടറി നടത്തി വന്നിരുന്ന പലരും ഇന്ന് കടക്കെണിയിലാണ്.ആത്മഹത്യയുടെ പാത പിന്തുടർന്നവരും നിരവധിയാണ്.ഇഷ്ടിക കളങ്ങളിലെത്തിയ മറുനാട്ടുകാർ മറ്റ് ജോലികളിലേക്ക് മാറി.കുന്നത്തൂർ തോട്ടത്തുംമുറിയിലടക്കം
പലയിടത്തും നോക്കു കുത്തിയായി ഇഷ്ടിക ഫാക്ടറികളുടെ ശേഷിപ്പുകൾ ചരിത്രസ്മാരകം പോലെ കാണാം.

Advertisement