കരുനാഗപ്പള്ളി.അഴീക്കൽ ഹാർബറിൽ രക്ഷാപ്രവർത്തനത്തിന് സ്ഥിരം സംവിധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.സി.വേണുഗോപാൽ കത്തുനൽകി
ട്രോളിംഗ് നിരോധനത്തിന് മുമ്പായി അഴീക്കൽ ഹാർബറിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മതിയായ സജ്ജീകരണളോട് കൂടിയ രക്ഷാപ്രവർത്തന ബോട്ടും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻലൻസ് സംവിധാനവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി.
ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മത്സ്യ വിപണനത്തിനായി അഴീക്കൽ ഫിഷിംഗ് ഹാർബർ തുറന്നു നൽകാറുണ്ട്. ആലപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, തെക്ക് പഞ്ചായത്തുകളിൽ ഉൾപ്പടെയുള്ള മൽസ്യബന്ധന യാനങ്ങൾ അഴീക്കൽ ഫിഷിംഗ് ഹാർബറിലാണ് ഈ കാലയളവിൽ മത്സ്യ വിപണനം നടത്തുന്നത്. തെക്ക്-പടിഞ്ഞാറൻ മൺസൂൺ കനക്കുന്നതോടെ അഴീക്കൽ അഴിമുഖം വഴി യാനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയില്ല. മുൻ കാലങ്ങളിൽ യാനങ്ങൾ മണൽ തിട്ടയിൽ ഇടിച്ച് തകരുകയും അനേകം പേരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടുള്ളതാണ്. ട്രോളിംഗ് നിരോധന കാലയളവിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന, മതിയായ സൗകര്യങ്ങൾ ഇല്ലാത്ത ഒരു ചെറിയ ബോട്ട് മാത്രമാണ് ഇവിടെ രക്ഷാപ്രവർത്തനത്തിനുള്ളത്. അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടാൻ വേണ്ട മുൻകരുതലുകൾ ഒന്നും തന്നെയില്ല. അപകടമുണ്ടായാൽ
രക്ഷാപ്രവർത്തനത്തിന് നീണ്ടകരയിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ് ബോട്ട് വരുന്നതു വരെ കാത്ത് നിൽക്കേണ്ടി വരും. ഇത്തരം സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിലാണ് രക്ഷാ പ്രവർത്തനം നടത്തുന്നത് .
ആലപ്പുഴ, കൊല്ലം ജില്ലകളിലെ കടലിൽ പോയി മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഈ ഗൗരവമേറിയ പ്രശ്നത്തിന് അടിയന്തരമായി ശാശ്വതമായ പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ അവശ്യപ്പെട്ടു.