കരുനാഗപ്പള്ളി . കഥാപ്രസംഗം എന്ന ജനകീയ കലാരൂപം പിറന്നിട്ട് നൂറുവർഷങ്ങൾ തികയുന്നതിന്റെ ഭാഗമായി കുമാരനാശാൻ സർഗ്ഗഗായതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും ശനിയാഴ്ച കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രമുഖ കാഥികർ പങ്കെടുക്കുന്ന കഥാപ്രസംഗമേളയും സാംസ്കാരിക സമ്മേളനവും നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന കഥാപ്രസംഗമേളയിൽ കാഥികരായ സി എൻ സ്നേഹലത, അനിത ചന്ദ്രൻ, തിരുമല വസന്തകുമാരി, കൊല്ലം കാർത്തിക്, ദേവകി രൺ എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 4ന് ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.പ്രൊഫ വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തും. സി ആര്‍ മഹേഷ് എംഎൽഎ അധ്യക്ഷനാകും.
തുടർന്ന് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപ്രസംഗവും അരങ്ങേറും. 1924 മെയ് മാസത്തിൽ വടക്കൻ പരവൂരിലെ ചേന്നമംഗലം സ്കൂൾ അങ്കണത്തിൽ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കി സ്വാമി സത്യദേവൻ അവതരിപ്പിച്ച കഥാപ്രസംഗത്തോടുകൂടി ആരംഭിച്ച ജനകീയ കലയായ കാultസ്റ്റം നവോത്ഥാന കാലഘട്ടത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറുകയും ചെയ്ത കലാരൂപമാണ്. ഇതിനെ പുതിയ തലമുറയ്ക്ക് മുമ്പിൽ അവതരിപ്പിക്കാനുള്ള പരിശ്രമമാണ് കുമാരനാശാൻ സർഗ്ഗ ഗായതി നടത്തുന്നതെന്നും സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കാഥിക തൊടിയൂർ വസന്തകുമാരി, നന്ദകുമാർ വള്ളിക്കാവ്, അനിൽ ചൂരക്കാടൻ, ഉമാസാന്ദ്ര എന്നിവർ പങ്കെടുത്തു