കൊല്ലം. നഗരത്തില്‍ 24 വാർത്താ സംഘത്തിന് നേരെ ആക്രമണം. ചിന്നക്കടയിലെ 24 ഓഫീസിന് സമീപത്ത് ലൈവ് ചെയ്യുന്നതിനിടയിൽ കത്തിയും ബിയർ കുപ്പിയും വീശിയായിരുന്നു ആക്രമണം. ഓഫീസിലും അതിക്രമിച്ചു കയറിയ പ്രതി അരുൺരാജിന് നേരെ വധഭീഷണിയും മുഴക്കി. പുളിക്കട കോളനി സ്വദേശി ജോണിയാണ് ട്വൻറി ഫോർ ചീഫ് റിപ്പോർട്ടർ അരുൺ രാജിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
ചിന്നക്കടയിലുള്ള 24 ഓഫീസിന് സമീപം വൈകിട്ടാണ് അക്രമം. ഓഫീസിന് സമീപത്തെ റോഡിൽ വാർത്ത സംബന്ധമായ ലൈവ് നൽകുകയായിരുന്നു അരുൺ രാജും സംഘവും. ഇവർക്കിടയിലേക്ക് പുളിക്കട കോളനി സ്വദേശി ജോണി ഭീഷണിയുമായി എത്തി. അസഭ്യ സംസാരത്തോടെ അതിക്രമത്തിന്റെ തുടക്കം. ക്യാമറ ഇവിടെനിന്ന് മാറ്റണമെന്ന് ജോണിയുടെ ആവശ്യം. ലൈവ് നൽകാൻ സമ്മതിക്കില്ലെന്നും കൊല്ലുമെന്നും ഓഫീസില്‍ കടന്നു കയറിയും ഭീഷണിപ്പെടുത്തി
യാതൊരു പ്രകോപനവും കൂടാതെ കൂടുതൽ രോക്ഷാകുലനായ ജോണി കത്തിയും ബിയർ കുപ്പിയും അരുൺരാജിന് നേരെ വീശി. റിപ്പോർട്ടറുടെ മുഖത്തും നെഞ്ചിലും പിടിച്ചു തള്ളി.
തുടർന്ന് കത്തികാട്ടിയും പ്രതി ഭീഷണിപ്പെടുത്തി.
24 സംഘം പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ ഓടിച്ചിട്ട് പിടികൂടി. പ്രതിയ്ക്ക് എതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി എടുക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു