ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ക്രൂരമര്‍ദനം; ദമ്പതികള്‍ക്കും തടയാനെത്തിയ ആള്‍ക്കും മര്‍ദനമേറ്റു

Advertisement

അഞ്ചല്‍: ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ദമ്പതികള്‍ക്കും തടയാനെത്തിയ ആള്‍ക്കും ക്രൂരമര്‍ദനമേറ്റു. കഴിഞ്ഞ ഞായറാഴ്ച അഞ്ചലിന് സമീപം ഇടമുളയ്ക്കലില്‍ തുമ്പിക്കുന്നിലാണ് സംഭവം. വീട് നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് വാഹനത്തില്‍ വെള്ളവുമായി എത്തിയ ആഷിഖ് ഹുസൈനും ഭാര്യയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. വെള്ളവുമായി എത്തിയ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ബൈക്കില്‍ എത്തിയ തുമ്പിക്കുന്ന് സ്വദേശികളായ ഷാനവാസും റിയാസും ബൈക്കിന് പോകാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് ദമ്പതികളുമായി തര്‍ക്കിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് ഇരുവരെയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനം തടയാനെത്തിയ പനച്ചിവിള സ്വദേശി അനി എന്നയാള്‍ക്കും മര്‍ദനമേറ്റു. നിര്‍മാണ സ്ഥലത്തേക്ക് ചോറുമായെത്തിയതായിരുന്നു അനി. ഷാനവാസും റിയാസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷാനവാസ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രണ്ടുപേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ദമ്പതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആഷിക്ക് ഹുസൈന്റെ പരാതിയില്‍ അഞ്ചല്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.