കുന്നത്തൂർ ശുദ്ധജല പദ്ധതി വഴി വിതരണം ചെയ്യുന്നത് ചേലൂർ പുഞ്ചയിലെ മലിനജലം

Advertisement

കുന്നത്തൂർ:കുന്നത്തൂർ ശുദ്ധജല പദ്ധതി വഴി കുന്നത്തൂർ പഞ്ചായത്തിൽ പൂർണമായും പടിഞ്ഞാറെ കല്ലട,ശാസ്താംകോട്ട പഞ്ചായത്തുകളിൽ ഭാഗികമായും വിതരണം ചെയ്യുന്നത് ചേലൂർ പുഞ്ചയിലെ മലിനജലം.കേന്ദ്ര സർക്കാർ ജൽജീവൻ മിഷൻ വഴി നടപ്പാക്കിയ കുടിവെള്ള പദ്ധതി പ്രകാരം അനുവദിച്ച ഗാർഹിക കണക്ഷനുകളിലേക്കും വെള്ളമെത്തുന്നത് ഇവിടെ നിന്നാണ്.

കുടിവെള്ളമായി ഉപയോഗിക്കാൻ യാതൊരു തരത്തിലും കഴിയാത്ത മലിനജലമാണ് വർഷങ്ങളായി ജനങ്ങൾ കുടിച്ചു കൊണ്ടിരിക്കുന്നത്.ഇതിന്റെ പേരിൽ മാസം തോറും ലക്ഷങ്ങളാണ് കുന്നത്തൂർ പഞ്ചായത്തിലെ ഉപഭോക്താക്കളിൽ നിന്നും വാട്ടർ അതോറിറ്റിക്ക് ലഭിക്കുന്നത്.ചെളി കലർന്ന ദുർഗന്ധം വമിക്കുന്ന വെള്ളമാണ് പൈപ്പുകളിൽ കൂടി വിതരണം ചെയ്യുന്നത്.കുടിവെള്ളത്തിനൊപ്പം ചത്തഴുകിയ ജലജീവികളും മത്സ്യങ്ങളുമടക്കം പലപ്പോഴും ലഭിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.യാതൊരു സംരക്ഷണവുമില്ലാതെ കിടക്കുന്ന പുഞ്ച പ്രാഥമികാവശ്യങ്ങൾക്കും കന്നുകാലികളെ കുളിപ്പിക്കുന്നതിനും ഓല കുതിർക്കുന്നതിനുമടക്കം ഉപയോഗിച്ചു വരുന്നു.ഡൽഹിയിൽ നടത്തിയ പരിശോധനയിൽ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ ‘കോളിഫോം ബാക്ടീരിയ’ വൻതോതിൽ
അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.ചേലൂരിലെ കിണറിനോട് ചേർന്നുള്ള ഇൻഫിൽറ്ററേഷൻ ഗാലറിയിലും കിണറിലും വൻ തോതിൽ ചെളി അടിഞ്ഞു കിടക്കുകയാണ്.ഇത് നീക്കം ചെയ്യാൻ അരക്കോടിയിലധികം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും നടപടി ഇഴഞ്ഞു നീങ്ങുകയാണ്.ആഴമേറിയ കിണറിൽ വർഷങ്ങൾക്ക് മുമ്പ് അകപ്പെട്ട കൂറ്റൻ മോട്ടോർ പുറത്തെടുക്കാനും നടപടിയില്ല.ഇതിനാൽ വെള്ളത്തിന് തുരുമ്പിന്റെ ചുവയും അനുഭവപ്പെടുന്നു.
കൊല്ലാറയിലെ ഓവർ ഹെഡ് ടാങ്കിലേക്ക് പുഞ്ചയിൽ നിന്ന് നേരിട്ടെത്തിക്കുന്ന വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ വിതറുന്നത് മാത്രമാണ് ആകെയുള്ള ഫിൽട്ടറിങ്.അതിനിടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം  ജല അതോറിറ്റി ചെവിക്കൊണ്ടിട്ടില്ല.

Advertisement