ടിക്കറ്റ് വിതരണത്തിന് ഒറ്റ കൗണ്ടർ മാത്രം;ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വലഞ്ഞ് യാത്രക്കാർ

Advertisement

ശാസ്താംകോട്ട:അടൂർ,കുന്നത്തൂർ താലൂക്കുകളിൽ നിന്നും ദിവസവും നൂറ്കണക്കിന് യാത്രക്കാർ എത്തുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണത്തിന് ആകെ ഒറ്റ കൗണ്ടർ മാത്രം.ഇത് മൂലം യാത്രക്കാർ വലയുന്നു.നിലവിലുള്ള ഏക കൗണ്ടറിലൂടെയാണ് സാധാരണ ടിക്കറ്റ്,റിസർവേഷൻ,തത്ക്കാൽ,
സീസൺ തുടങ്ങിയ എല്ലാം വിതരണം ചെയ്യുന്നത്.ഇത് മൂലം കൗണ്ടറിന് മുന്നിൽ എപ്പോഴും തിക്കും തിരക്കുമായിരിക്കും.കൂടാതെ യാത്രക്കാർക്ക് ഉദ്ദേശിച്ച സമയത്ത് ടിക്കറ്റ് കിട്ടാതെയും പോകുന്നു.കൗണ്ടർ ഡ്യൂട്ടിക്ക് ഒരു സമയം ഒരാൾ മാത്രമേ കാണുകയുള്ളു.നിലവിലെ
കൗണ്ടറിലൂടെ സാധാരണ ടിക്കറ്റ് വിതരണത്തിനാണ് കൂടുതൽ പരിഗണന എന്നതിനാൽ മിക്കപ്പോഴും തത്ക്കാൽ റിസർവേഷന് എത്തുന്നവർക്ക് കിട്ടാതെ നിരാശപ്പെട്ട് പോകേണ്ടതായി വരുന്നു.തത്ക്കാൽ റിസർവേഷൻ രാവിലെ 10 നും 11 നും ആണ് നടക്കുന്നത്.ഈ സമയം സ്റ്റേഷനിൽ ട്രെയിനുകൾ വരുന്ന സമയവുമാണ്.ഈ അവസരത്തിൽ തത്ക്കാൽ റിസർവേഷന് നിൽക്കുന്നവരെ ഒഴിവാക്കി പുറപ്പെടാൻ നിൽക്കുന്ന ട്രെയിൻ യാത്രക്കാർക്കുള്ള ടിക്കറ്റ് കൊടുക്കാൻ ജീവനക്കാർ ശ്രമിക്കുന്നതോടെ കൗണ്ടറിന് മുന്നിൽ തിരക്കേറും.പുലർച്ചെ മുതൽ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവരുന്നത് പ്രതിഷേധങ്ങൾക്ക് കൂടി ഇടവരുത്താറുണ്ട്.ഇവിടെ നിന്നും തത്ക്കാൽ റിസർവേഷൻ ലഭിക്കില്ല എന്ന ധാരണ പൊതുവിൽ പരന്നിട്ടുള്ളതിനാൽ യാത്രക്കാർ ഇപ്പോൾ മറ്റ് സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.ഇത് റെയിൽവേ സ്റ്റേഷന്റെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ കൂടുതൽ കൗണ്ടറുകൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.എന്നാൽ നടപടി മാത്രം ഉണ്ടായിട്ടില്ല.സ്റ്റേഷന് പുതിയ കെട്ടിടം പണിത് പ്രവർത്തനം അവിടേക്ക് മാറിയിട്ടുണ്ട്.ഇതോടെ പഴയ സ്റ്റേഷൻ കെട്ടിടം ഏറെ കുറെ ഒഴിഞ്ഞ് കിടക്കുകയാണ്.ഇവിടെയാണ് നിലവിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്.ഇവിടെ തന്നെ ഒന്നോ രണ്ടോ കൗണ്ടർ കൂടി അധികമായി പ്രവർത്തിപ്പിക്കാവുന്നതാണെന്ന് യാത്രക്കാർ പറയുന്നു.