കര്‍ണന്‍റെ പുതിയ കഥ ഇന്ന് അരങ്ങില്‍

Advertisement

ശാസ്താംകോട്ട : പാണ്ഡവരുടെ ജീവൻ ദാനം നൽകിയ കർണ്ണൻ്റെ കഥ അരങ്ങിലേക്ക്.. കർണ്ണഭിക്ഷ മേജർസെറ്റ് കഥകളി 17 ന് വെട്ടിക്കാട്ട് ക്ഷേത്രത്തിൽ നടക്കും.
മാതാവിൻ്റെ അപേക്ഷയാൽ പാണ്ഡവരുടെ ജീവൻ ദാനം നൽകിയ കുന്തിപുത്രൻ കർണ്ണൻ ഇനി അരങ്ങിലേക്ക്. ഉണ്ണികൃഷ്ണൻ പോറ്റി.പി.എൻ രചിച്ച കർണ്ണഭിക്ഷ മേജർസെറ്റ് കഥകളി 17 ന് കടപ്പ മൈനാഗപ്പള്ളി വെട്ടിക്കാട്ട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ അരങ്ങേറും. ദീർഘകാലത്തെ അദ്ധ്യാപന ജീവിതത്തിന് ശേഷം വിശ്രമജീവിതം സാഹിത്യ സേവനത്തിനായി മാറ്റി വച്ച പ്രതിഭയാണ് പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി.

1942ൽ ആലപ്പുഴ കൃഷ്ണപുരത്ത് ജനിച്ച അദ്ദേഹം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജുൾപ്പെടെ നിരവധി വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു.1998 ൽ വിരമിച്ച അദ്ദേഹം ശിഷ്ഠ കാലം സാഹിത്യത്തിനായി മാറ്റി വയ്ക്കുകയായിരുന്നു. നിലവിൽ ശാസ്താംകോട്ട മനക്കര അർച്ചനയിൽ സ്ഥിരതാമസമാണ് അദ്ദേഹം.നളചരിതം ആട്ടകഥ ഇംഗ്ലീഷ് തർജ്ജിമ ഉൾപ്പെടെ നിരവധി വിവർത്തനങ്ങൾ അദ്ദേഹം ചെയ്തു.മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളെ കേന്ദ്രമാക്കി ചെയ്ത 20 ൽ പരംനോവലുകൾ, കവിതാ സമാഹാരങ്ങൾ, ലളിതഗാനങ്ങൾ തുടങ്ങിയവ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാഹിത്യ ജീവിതത്തിലെ പൊൻ തൂവലുകളാണ്.ഒമ്പതോളം ആട്ടക്കഥകൾ രചിച്ച അദ്ദേഹത്തിൻ്റെ ആദ്യ കഥ ജഡായുമോക്ഷം കഥകളി കഴിഞ്ഞ വർഷമാണ് അരങ്ങിലെത്തിയത്. ആസ്വാദകരുടെ മുക്ത കണ്ഠ പ്രശംസയാണ് ജഡായു മോക്ഷത്തിലൂടെ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ലഭിച്ചത്.

അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ആട്ടക്കഥ കർണ്ണഭിക്ഷ 17 ന് വൈകിട്ട് 6ന് മൈനാഗപ്പള്ളി മേജർ വെട്ടിക്കാട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ അരങ്ങേറുമ്പോൾ കഥകളി ആസ്വാദകരും ഏറെ പ്രതീക്ഷയിലാണ്. കൊല്ലം മയ്യനാട് നവരംഗം കഥകളിയോഗമാണ് കർണ്ണഭിക്ഷ അരങ്ങിലെത്തിക്കുന്നത്. കേരളത്തിലെ പ്രമുഖരായ കലാകാരൻമാരാണ് കഥ അവതരിപ്പിക്കുന്നത്. താൻ രചിച്ച മറ്റു ആട്ടക്കഥകൾ കൂടി ആസ്വാദകർക്ക് മുമ്പിലെത്തിയ്ക്കാൻ തയ്യാറെടുക്കുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി.അതേ സമയം എഴുതിയതിലുമധികം ഇനിയും അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് ഉണ്ടാകാൻ കാത്തിരിക്കുകയാണ് സാഹിത്യ പ്രേമികൾ.