എന്റെ വീട്ടില്‍ കറന്റില്ല…. എന്നാല്‍ ഇനി ഒരുത്തന്റെ വീട്ടിലും കറന്റ് വേണ്ട

Advertisement

കൊട്ടിയം: കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസുകള്‍ ഊരിമാറ്റി നാട്ടുകാരെ ഇരുട്ടിലാക്കിയ ആള്‍ പോലീസ് പിടിയിലായി. നെടുമ്പന പഞ്ചായത്തിലെ മുട്ടയ്ക്കാവില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറിന് സമീപം സ്ഥാപിച്ചിരുന്ന ഫ്യൂസുകള്‍ ഊരി കൊണ്ടു പോയത്. കണ്ണനല്ലൂര്‍ മുട്ടക്കാവ് ഒറ്റിലഴികം വീട്ടില്‍ അലി അക്ബറിനെ (44) ആണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തതിന്റെ പേരില്‍ ഇയാളുടെ വീട്ടിലെ ഫ്യൂസ് ഇലക്ട്രിസിറ്റി ബോര്‍ഡ് അധികൃതര്‍ ഊരി കൊണ്ടുപോയതിനെത്തുടര്‍ന്നാണ് ഇയാള്‍ റോഡ് അരികില്‍ നിന്നും കെഎസ്ഇബിയുടെ ഫ്യൂസുകള്‍ ഊരിമാറ്റിയത്.
ഇക്കഴിഞ്ഞ 14ന് അലി അക്ബറിന്റെ വീട്ടില്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തതിന്റെ പേരില്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നും ജീവനക്കാരെത്തി വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അലി അക്ബര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കറന്റ് ഇല്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരി കൊണ്ടുപോയതായി അറിഞ്ഞു. തുടര്‍ന്ന് അരിശം മൂത്ത അലി അക്ബര്‍ ഒരു ഇരുമ്പ് കമ്പി വളച്ച് ലൈനിലേക്ക് എറിയുകയും പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെടുത്തുകയും ചെയ്തു.
പ്രദേശത്ത് വൈദ്യുതി ഇല്ലെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കെഎസ്ഇബി ജീവനക്കാരെ ഇയാള്‍ ആക്രമിക്കുകയും കെഎസ്ഇബിയുടെ വണ്ടിയുടെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തുനിന്ന് പോയ ശേഷമാണ് ഇയാള്‍ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ ഊരിക്കൊണ്ടുപോകുന്നത്.
കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതരുടെ പരാതി പ്രകാരം കേസെടുത്ത പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും, ജീവനക്കാരെ കയ്യേറ്റം ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.