സ്കൂള്‍ ബസുകളുടെ പരിശോധനയും ബോധവത്കരണവും

Advertisement


കരുനാഗപ്പള്ളി:2024 – 2025 അധ്യായന വര്‍ഷം സ്കൂള്‍ തുറക്കുന്നതിന്‍റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള പരിശീലനവും കരുനാഗപ്പള്ളി സബ് ആര്‍.ടി. ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്നതിന് ജോയിന്‍റ് ആര്‍.ടി.ഒ. അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. സ്കൂള്‍ ബസുകള്‍ക്ക് എന്തെങ്കിലും അറ്റകുറ്റ പണികള്‍ ഉണ്ടങ്കില്‍ അവയെല്ലാം 22/05/2024 ബുധനാഴ്ചക്ക് മുമ്പ് പൂര്‍ത്തീകരിച്ചു വാഹനങ്ങള്‍ പരിശോധനക്ക് സജ്ജമാക്കേണ്ടതാണ്. 23/05/2024 വ്യാഴാഴ്ച മുതല്‍ വാഹനങ്ങള്‍ പരിശോധിക്കുകയും പരിശോധനയില്‍ ഫിറ്റ് ആകുന്ന വാഹനങ്ങളില്‍ എം.വി.ഡി യുടെ സ്റ്റിക്കര്‍ പതിക്കുന്നതുമായിരിക്കും.

സ്കൂള്‍ തുറക്കുമ്പോള്‍ റോഡില്‍ നടക്കുന്ന പരിശോധനയില്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കുകയും സ്റ്റിക്കര്‍ പതിക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമായിരിക്കും. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ സ്കൂള്‍ ബസ് ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി 2024 മെയ് 25 ശനിയാഴ്ച രാവിലെ 8.30ന് ശ്രീബുദ്ധ സ്കൂളില്‍ വച്ചും ചവറ നിയോജക മണ്ഡലത്തിലെ പരിശീലന പരിപാടി 2024 മെയ് 29 ബുധനാഴ്ച രാവിലെ 8.30ന് സ്ട്രാറ്റ്ഫോര്‍ഡ് സ്കൂളില്‍ വെച്ചും നടക്കുന്നതായിരിക്കും. എല്ലാ സ്കൂള്‍ ബസ് ജീവനക്കാരും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നും ഇവരുടെ പങ്കാളിത്തം സ്കൂള്‍ അതികൃതര്‍ ഉറപ്പുവരുത്തണമെന്നും ജോയിന്‍റ് ആര്‍.ടി.ഒ. അറിയിച്ചു.