കുന്നത്തൂർ:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ 123 കരയോഗങ്ങളെയും 503 സ്വയം സഹായ സംഘങ്ങളെയും 4 മേഖലകളായി തിരിച്ച് നടത്തിവന്ന കരയോഗം,വനിതാ സംഘം പ്രസിഡന്റ് സെക്രട്ടറിമാരുടെ നേതൃയോഗം സമാപിച്ചു.
കരയോഗ തലത്തിൽ കരയോഗത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓരോ വനിതാ സ്വയം സഹായ സംഘങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൂടി നേട്ടം ഉണ്ടാകത്തക്കതരത്തിൽ സംഘാംഗങ്ങളെ സമുദായത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വരുന്നതിനുള്ള കൂട്ടായ പ്രവർത്തനം നടത്താൻ തീരുമാനിച്ചു.വനിതാ സമ്മേളനം മാതൃകാപരമായി സംഘടിപ്പിക്കുന്നതിനും ജൂൺ 9ന് ഉച്ചയ്ക്ക് 2 ന് ശൂരനാട് വടക്ക് കാഞ്ഞിരംകടവ് ശ്രീവില്ലാടസ്വാമി ക്ഷേത്രസന്നിധിയിൽ ചേരുന്ന നേതൃയോഗത്തിൽ എല്ലാ കരയോഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനിച്ചു.രാവിലെ 10.30 ന് പടിഞ്ഞാറെ കല്ലട,ശൂരനാട് തെക്ക് മേഖലകളുടെയും ഉച്ചയ്ക്ക് ശേഷം ശാസ്താംകോട്ട മേഖലയിലെയും ഭാരവാഹികളുടെ യോഗമാണ് ചേർന്നത്.താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള വിശദീകരണം നടത്തി.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,എൻഎസ്എസ്
പ്രതിനിധിസഭാഗം,വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ,എം.എസ്.എസ്.എസ് മേഖല കോർഡിനേറ്റേഴ്സ്, കരയോഗം പ്രസിഡന്റ്,സെക്രട്ടറി,സ്വയം സഹായസംഘത്തിന്റെ പ്രസിഡന്റ് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.യൂണിയൻ ഭരണ സമിതി അംഗം സി. സുരേന്ദ്രൻപിള്ള സ്വാഗതവും എൻഎസ്എസ് ഇൻസ്‌പെക്ടർ എ.എൻ.വിവേക് നന്ദിയും പറഞ്ഞു.