ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നത് സ്ത്രീവിരുദ്ധമായ ഹിന്ദുത്വ രാഷ്ട്രം: യു വാസുകി

Advertisement

കരുനാഗപ്പള്ളി . ഏതു ജാതിയിൽപ്പെട്ട സ്ത്രീയെയും ശൂദ്ര വിഭാഗമായി കാണുന്ന മനുസ്മൃതിയിൽ അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര സമീപനമാണ് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ് യു വാസുകി പറഞ്ഞു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച കരുനാഗപ്പള്ളിയിൽ നടന്ന സംസ്ഥാന വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യു വാസുകി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, സമത്വം എന്നിവയെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുകയാണ്. ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യം പരിപാലിക്കാനാണ് ഗവർണർമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ ആരിഫ് മുഹമ്മദ്ഖാനായാലും തമിഴ്നാട്ടിലെ എ എം രവിയായാലും പരിശ്രമിക്കുന്നത് ഫെഡറലിസത്തെ ദുർബലപ്പെടുത്താനാണ്. നാഗ്പൂരിൽ നിന്നും മറ്റും ലഭിക്കുന്ന ഫാസിസ്റ്റ് പരിശീലനം നടപ്പിലാക്കാനാണ് ഇവർ പരിശ്രമിക്കുന്നത്. അദാനിമാരെയും അംബാനി മാരെയും കാണുമ്പോൾ ദാനശീലനായ കർണ്ണനായി മാറുകയും സാധാരണക്കാരുടെ മുമ്പിൽ പിശുക്കനായി മാറുകയും ചെയ്യുകയാണ് നരേന്ദ്ര മോദി .

സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും കമലഹാസനും ഒക്കെ ചെയ്യുന്നതുപോലെ ഡബിൾ റോൾ അഭിനയിക്കുകയാണ് മോദി. സ്ത്രീ സമത്വത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് സ്വാതന്ത്ര്യ സമര കാലം മുതൽ കമ്മ്യൂണിസ്റ്റുകൾ മുന്നോട്ടുവെക്കുന്ന ദർശനമാണെന്നും യു വാസുകി കൂട്ടിച്ചേർത്തു.
കെജിഒഎ സംസ്ഥാന പ്രസിഡൻ്റ് എം എ നാസർ അധ്യക്ഷനായി. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സൂസൻകോടി മുഖ്യ പ്രഭാഷണം നടത്തി. പട്ടിക വർഗ്ഗ മേഖലയിൽ സംഘടന നടത്തിയ ഇടപെടലിൻ്റെ റിപ്പോർട്ടിൻ്റെ പ്രകാശനം എം മുകേഷ് എംഎൽഎ യു വാസുകിയ്ക്ക് നൽകി നിർവ്വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി എൻ മിനി സംഘടനാ രേഖ അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് സുമ അവതരിപ്പിച്ചു. വിരമിക്കുന്ന സംസ്ഥാന വനിതാ കമ്മറ്റി അംഗങ്ങൾക്കുള്ള റഫറൻസും ചടങ്ങിൽ വച്ച് നടന്നു. സംസ്ഥാന സമ്മേളന സംഘാടകസമിതി ജനറൽ കൺവീനർ എ ബിന്ദു, കെജിഒഎ ജില്ലാ പ്രസിഡൻ്റ് എൽ മിനിമോൾ, ജില്ലാ സെക്രട്ടറി എ ആർ രാജേഷ്, വനിതാ കൺവെൻഷന്റെ സംഘാടകസമിതി ചെയർമാൻ വി പി ജയപ്രകാശ് മേനോൻ, കൺവീനർ കെ സീന, വി വിജയകുമാർ എന്നിവർ പങ്കെടുത്തു.

Advertisement