പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: 49 പ്രതികള്‍ കോടതിയിൽ ഹാജരായി

Advertisement

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകട ദുരന്ത കേസില്‍ 49 പ്രതികള്‍ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. 30-ാം പ്രതി കമ്പക്കെട്ട് തൊഴിലാളിയായ അനു എന്ന അനുരാജ് ഒഴികെയുള്ളവരാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാർ മുമ്പാകെ ഹാജരായത്. ആകെ 59 പ്രതികളുള്ളതില്‍ ഒമ്പത് പേര്‍ മരണപ്പെട്ടു. ബാക്കിയുള്ള 49 പേരില്‍ 44 പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 120ബി (ക്രിമിനല്‍ ഗൂഡാലോചന), 188 (ഉദ്യോഗസ്ഥരുടെ നിയമാനുസൃത നിര്‍ദേശങ്ങളെ ധിക്കരിക്കല്‍), 324 (ആയുധങ്ങള്‍ കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കള്‍ കൊണ്ടോ അപകടകരമായി മുറിവേല്പിക്കല്‍), 326 (ഗുരുതരമായി പരിക്കേല്പിക്കല്‍) എന്നിവയ്ക്ക് പുറമെ പൊലീസ് ആക്ടിലെ സെക്ഷന്‍ 39 (പൊലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന നിയമാനുസൃതമായ ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍), സ്ഫോടകവസ്തു നിയമത്തിലെ 91 (ബി) (നിര്‍ദേശത്തിന് വിരുദ്ധമായി സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുകയോ കൈവശം വയ്ക്കുകയോ എത്തിക്കുകയോ ചെയ്യുക) തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ഇനി ജൂണ്‍ 24ന് പരിഗണിക്കും.
പുറ്റിങ്ങൽ സ്പെഷ്യൽ കോടതിയിലെ കമ്പ്യൂട്ടർവൽക്കരണവും ഇലക്ട്രിക്കൽ പ്രവൃത്തികളും മാത്രമാണ് ഇനി ബാക്കിയുള്ളത്. അതുകൂടി പൂർത്തിയായാൽ സ്പെഷ്യൽ കോടതിയിലേക്കു കേസ് മാറ്റും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രനാണ് ഹാജരാകുന്നത്.

Advertisement