അന്തര്‍ സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍, നിരവധി വാഹനങ്ങളും എഞ്ചിനുകളും പാര്‍ട്‌സുകളും കണ്ടെത്തി

Advertisement

കൊല്ലം . റയില്‍വേസ്റ്റേഷന്‍ പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്തര്‍സംസ്ഥാന വന്‍ വാഹനമോഷണ സംഘം പിടിയിലായി. കരിക്കോട്, സാരഥി നഗര്‍-52, ഫാത്തിമ മന്‍സിലില്‍ ഷഹല്‍(42), ഓയൂര്‍, റാഷിന മന്‍സിലില്‍ റാഷിദ് (33), വാളത്തുംഗല്‍, വയലില്‍ പുത്തന്‍വീട്ടില്‍, നൗഷാദ് (64), ഉമയനല്ലൂര്‍, അടികാട്ടുവിള പുത്തന്‍ വീട്ടില്‍ സലീം (71), പിനക്കല്‍, തൊടിയില്‍ വീട്ടില്‍ അനസ്, തമിഴ്‌നാട് സ്വദേശികളായ കതിരേഷന്‍(24), കുള്ളന്‍ കുമാര്‍ എന്ന കുമാര്‍ (49) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കുറച്ചു നാളുകളായി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും മറ്റും തുടര്‍ച്ചയായി വാഹനമോഷണം നടന്നു വരുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം എ.സി.പി അനുരൂപിന്റെ മേല്‍നോട്ടത്തില്‍ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് വാഹന ബ്രോക്കര്‍മാരേയും വാഹനങ്ങളള്‍ പൊളിച്ച് വില്‍ക്കുന്നവരേയും വാഹനമോഷണ കേസുകളില്‍ പ്രതിയായിട്ടുള്ളവരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ 28 ഇരുചക്ര വാഹനങ്ങളും എഞ്ചിനുകളും ബോഡി പാര്‍ട്ട്‌സുകളും ഉള്‍പ്പടെ കണ്ടെത്തുകയായിരുന്നു. സബ്ഇന്‍സ്‌പെക്ടര്‍ ദില്‍ജിത്ത് സിപിഒ മാരായ അനു ആര്‍ നാഥ്, ഷെഫീക്ക്, സൂരജ്, അനീഷ്.എം, അനീഷ്, ഷൈജു ബി രാജ്, അജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement