ശാസ്താംകോട്ട:ചൊവ്വാഴ്ച പുലർച്ചെ മുതൽ തുടങ്ങിയ തോരാമഴ കുന്നത്തൂർ താലൂക്കിൽ വ്യാപകനാശം വിതച്ചു.മരം വീണും അല്ലാതെയും നിരവധി വീടുകൾ തകർന്നു.കിണറുകൾ ഇടിഞ്ഞ്
താണു.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ പാടശേഖരങ്ങളോട് ചേർന്ന് താമസിക്കുന്നവർ ബുദ്ധിമുട്ടിലായി.റോഡും വയലും ഓടയും ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് പലയിടത്തും.പള്ളിക്കലാറ്റിലും കല്ലടയാറ്റിലും ജല നിരവധി ക്രമതാതീതമായി ഉയർന്നിട്ടുണ്ട്.

മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപം കോൺക്രീറ്റ് വീടിന് മുകളിലെ മേൽക്കൂര ശക്തമായ മഴയിൽ തകർന്ന് വീണു.ശാസ്താംകോട്ട ആഞ്ഞിലിമൂട് എൽ.എഫ് കോട്ടേജിൽ വീടിന് മുകളിലേക്ക് ശക്തമായ കാറ്റിൽ മരം മറിഞ്ഞ് വീഴുകയും സമീപത്തെ കിണർ തകരുകയും ചെയ്തു.

മൈനാഗപ്പള്ളി പഞ്ചായത്തിൽ തട്ടാൻ്റെ കിഴക്കതിൽ നിസാറിൻ്റെ വീടിൻ്റെ മേൽക്കൂര തകർന്നു.ഓടും ഷീറ്റും പൂർണമായും തകർന്നു.മൈനാഗപ്പള്ളി വേങ്ങ മൈലാടുംകുന്ന് അഹ്സന മൻസിൽ ബാദുഷയുടെ വീട്ടു മുറ്റത്തെ കിണർ ഇടിഞ്ഞുതാണു.