ശാസ്താംകോട്ട തടാകത്തില്‍ ജലനിരപ്പുയരുന്നു

Advertisement

ശാസ്താംകോട്ട. തടാകത്തില്‍ ജലനിരപ്പുയര്‍ന്നു. വേനല്‍ കടുത്തതോടെ സമീപവര്‍ഷങ്ങളെക്കാള്‍ താഴേക്ക് കൂപ്പുകുത്തിയ ജലനിരപ്പാണ് ഉയര്‍ന്നിരിക്കുന്നത്. ഒരാഴ്ച മുമ്പ് 37സെ.മീറ്ററിലേക്ക് താഴ്ന്ന ജലനിരപ്പ് ഇന്ന് 65സെ.മീറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദവസങ്ങളിലെ മഴ ജലനിരപ്പ് കാര്യമായി തിരികെ എത്തിച്ചിരിക്കയാണ് എന്ന് അധികൃതര്‍ പറഞ്ഞു.

2010-13 വര്‍ഷങ്ങളിലും പിന്നിട്ട ഓരോ വേനലിലും ആശങ്കാകരമായി താഴ്ന്ന ജലനിരപ്പ് 2018ലും 2019ലും മഹാ പ്രളയത്തില്‍ തിരികെ വന്നതാണ്. കാല്‍നൂറ്റാണ്ട് മുമ്പ് ഉണ്ടായിരുന്നതിലും മികച്ച ജലനിരപ്പായിരുന്നു പിന്നീട്. ഈ വര്‍ഷമാണ് അത് ഫെബ്രുവരിമുതല്‍ വല്ലാതെ താണു തുടങ്ങിയത്.

തടാകത്തില്‍നിന്നും പ്രതിദിനം നാലുകോടി ലിറ്ററോളം ജലമാണ് കൊല്ലം നഗരത്തിലേ ലേക്കും പ്രാദേശിക ജല പദ്ധതികളിലേക്കും പമ്പ്ചെയ്യുന്നത്. അമിതമായ ജല ചൂഷണമാണ് തടാകത്തെ നാശത്തിലേക്ക് കൊണ്ടുപോകുന്നതെന്ന് തടാകസംരക്ഷണസമിതി വളരെക്കാലമായി ആരോപിക്കുന്നതാണ്. തടാകത്തിലെ ജല ചൂഷണത്തിന് ബദലായി ആവിഷ്കരിച്ച ഞാങ്കടവ് ജലപദ്ധതി അവസാനഘട്ടത്തിലാണ് അത് പൂര്‍ത്തീകരിക്കാതെയാണ് ജല അതോറിറ്റി ഇത്തവണയും വേനലിനെ നേരിട്ടത്. ഇനി ഒരു പരീക്ഷണത്തിന് നില്‍ക്കാതെ ഞാങ്കടവ് പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ തുണ്ടില്‍നൗഷാദ് ജലവിഭവവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ആവശ്യപ്പെട്ടു.

Advertisement