ട്രാഫിക്ക് നിയന്ത്രണം നടത്തിയ ആളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: ട്രാഫിക്ക് നിയന്ത്രണം നടത്തുകയായിരുന്ന യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച
പ്രതികള്‍ പോലീസ് പിടിയില്‍. തൃക്കടവൂര്‍ മുരുന്തല്‍ രാധാ മന്ദിരത്തില്‍ രാഹുല്‍(33), വടക്കേവിള അയത്തില്‍ നേതാജി നഗര്‍ 89 ചരുവിള വീട്ടില്‍ അജിത്ത്(24), തൃക്കടവൂര്‍ മുരുന്തല്‍ രതീഷ് ഭവനത്തില്‍ രതീഷ്‌കുമാര്‍(30) എന്നിവരാണ് അഞ്ചാലൂമൂട് പോലീസിന്റെ പിടിയിലായത്. 27ന് രാത്രിയില്‍ ബൈപ്പാസില്‍ കടവൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ട്രാഫിക്ക് നിയന്ത്രണം നടത്തിവന്ന യുവാവിനെയാണ് പ്രതികള്‍ ആക്രമിച്ചത്.
പ്രതികള്‍ മൂവരും ബൈക്കില്‍ കടവൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി വഴിതിരിഞ്ഞ് പോകാന്‍ യുവാവ് ആവശ്യപ്പെട്ടതോടെ അസഭ്യം പറയുകയും തുടര്‍ന്ന് പ്രതികള്‍ അവിടെ കിടന്ന പൈപ്പുകളും കമ്പിയുമായി യുവാവിനെ
ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്കും കണ്ണിനും ഗുരതരമായി പരിക്കേറ്റു. അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായവുകയായിരുന്നു. രണ്ടാം പ്രതി അജിത്ത് നരഹത്യ ശ്രമം, കവര്‍ച്ച എന്നിവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. അഞ്ചാലുംമൂട്് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനില്‍കുമാര്‍, വിനേദ്, എ.എസ്.ഐ മാരായ രാജേഷ്, ഡെഫിന്‍, സിപിഒ മാരായ രാജഗോപാല്‍, ശിവകുമാര്‍, മഹേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement