ശക്തമായ മഴയിൽ ഇടിയക്കടവ് പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞ് താഴ്ന്നു;ഒറ്റപ്പെട്ട് മൺറോതുരുത്ത് ഗ്രാമം

Advertisement

മൺറോതുരുത്ത്:ശക്തമായ മഴയിൽ മൺറോതുരുത്തിലെ ഇടിയക്കടവ് പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞ് താഴ്ന്നു.പാലത്തിന്റെ തൂണുകളോട് ചേർന്ന മൺതിട്ടകൾ താഴേക്ക് ഇരുത്തിയ നിലയിലാണ്.പാലത്തിലേക്ക് ഉയർന്ന ഭാഗത്തു നിന്നും മഴ വെള്ളം കുത്തിയൊലിച്ച് എത്തിയതാണ് മണ്ണ് ഇടിഞ്ഞുമാറാൻ കാരണമായത്.ദിവസങ്ങളായി മഴ ശക്തമായി തുടരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.വ്യാഴാഴ്ച രാവിലെ മുതൽ തോരാതെ മഴ പെയ്തതോടെയാണ് മണ്ണിടിച്ചിൽ രൂക്ഷമായത്.അപകട ഭീഷണി നിലനിൽക്കുന്നതിനാൽ പാലം വഴിയുളള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.ടിപ്പർ ലോറി,ബസ് മുതലായ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.റോഡ് മാർഗം മൺറോത്തുരുത്തിലേക്ക് എത്തുന്നതിനുള്ള ഏക മാർഗ്ഗമാണ് ഇതോടെ അടഞ്ഞത്.

ഇതോടെ ടൂറിസം മേഖല കൂടിയായ മൺറോതുരുത്ത് ഒറ്റപ്പെട്ടിരിക്കയാണ്.മുൻപും മഴക്കാലത്ത് ഇടിയക്കടവ് പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞ് താഴ്ന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാലത്തിനു താഴെ തൂണുകൾക്ക് സമീപം പാർശ്വഭിത്തികെട്ടി ബലപ്പെടുത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചിരുന്നത്.78 വർഷം മുമ്പ് നിർമ്മിച്ച ഇടിയക്കടവ് പാലം അപകട ഭീഷണി നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.

കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാൻ കഴിയുന്ന വീതി മാത്രമേ ഈ പാലത്തിനുള്ളു.പുതിയ പാലം നിർമ്മാണത്തിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപ അനുവദിച്ചതായി കോവൂർ കുഞ്ഞുമോൻ എംഎൽഎ അറിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.അതിനിടെ
യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കി
വെള്ളി വൈകിട്ടോടെ ഗതാഗതം പുന:സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി സൂര്യകുമാർ അറിയിച്ചു.