ശാസ്താംകോട്ട:ശക്തമായ മഴയിൽ കുന്നത്തൂർ താലൂക്കിൽ വ്യാപകമായ നാശനഷ്ടം.താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്.ശൂരനാട് തെക്ക്,വടക്ക് പഞ്ചായത്തുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.ശൂരനാട് വടക്ക് വില്ലേജ് പരിധിയിൽ രണ്ടും ശൂരനാട് തെക്ക് ഒരു ക്യാമ്പുമാണ് ആരംഭിച്ചത്.ശൂരനാട് വടക്ക് തെന്നല ഗവ.യു.പി എസ്സിൽ 43 കുടുബങ്ങളേയും,അഴകിയകാവ് ഗവ.എൽ.പി.എസിൽ 13 കുടുംബങ്ങളേയും,ശൂരനാട് തെക്ക് വില്ലേജിൽ കുമരഞ്ചിറ ഗവ.യു.പി.എസ്സിൽ 8 കുടുംബങ്ങളേയുമാണ് മാറ്റി പാർപ്പിച്ചത്.ഇനിയും കൂടുതൽ വീട്ടുകാർ എത്താനുള്ള സാധ്യതയുണ്ട്.മൈനാഗപ്പള്ളി,
പടിഞ്ഞാറേ കല്ലട,ശാസ്താംകോട്ട, പോരുവഴി,കുന്നത്തൂർ,ശൂരനാട് തെക്ക്,ശൂരനാട് വടക്ക് എന്നീ 7 പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.മുൻ വർഷങ്ങളിൽ വെള്ളം കയറാത്ത സ്ഥലങ്ങളിൽ പോലും കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറി.

ഏലാകൾ അടക്കമുള്ള കൃഷിസ്ഥലത്തെ കൃഷികൾ വ്യാപകമായി നശിച്ചിട്ടുണ്ട്.വ്യാപകമായ തോതിൽ റോഡുകളും തകർന്നിട്ടുണ്ട്.പടിഞ്ഞാറെ കല്ലടയിൽ ഒരു വീട് തകർന്നു അയിത്തോട്ടുവാ നെടുംതറ കിഴക്കതിൽ സുപ്രഭയുടെ വീടാണ് പൂർണമായും നശിച്ചിട്ടുള്ളത്. ഉദ്ദേശം 1,50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.വീടിന്റെ ഓട് വീണ് സുപ്രഭയ്ക്ക് പരിക്കേറ്റു.സുപ്രഭയും മകളുമായിരുന്നു ഇവിടെ താമസം.ഇവർ ബന്ധുവീടുകളിലേക്ക് മാറി.

കൊല്ലം തേനി ദേശീയ പാതയിൽ ചക്കുവള്ളിയ്ക്ക് സമീപം ഈയ്യാനം ജംഗ്ഷനിൽ റോഡരികിൽ നിന്ന കൂറ്റൻ മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.പോലീസും ഫയർഫോഴ്സും ചേർന്ന് ഇത് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.ചാരുംമൂട് – ചക്കുവളളി റോഡിൽ
അപകട ഭീഷണിയായി മാറിയ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് വാർഡ് മെമ്പർ സുനിത ലെത്തീഫ് ആവശ്യപ്പെട്ടു.മൺറോതുരുത്തിലേക്ക് റോഡ് മാർഗം എത്താനുളള ഏക മാർഗമായ ഇടിയക്കടവ് പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞു താണു.ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.പോരുവഴി മലനട വെൺകുളം ഏലാ പൂർണമായും വെള്ളത്തിനടിയിലാണ്.