കൊട്ടാരക്കരയിൽ ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയ കാറുമായി ഭീകരന്തരീക്ഷം  സൃഷ്ടിച്ചയാളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

Advertisement

കൊട്ടാരക്കര: കാറിൻ്റെ മുൻവശത്തെ ടയർ പഞ്ചറായിട്ടും കിലോമീറ്ററുകളോളം കാറോടിച്ച് ഭീകരന്തരീക്ഷം  സൃഷ്ടിച്ചയാളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.
ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയ കാര്‍ ഒടുവില്‍ റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി. കാറില്‍നിന്നും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കുണ്ടറ ഇളമ്പള്ളൂര്‍ ചരുവിളവീട്ടില്‍ കെ സാംകുട്ടി(60)യാണ് കാറോടിച്ചത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കഴിഞ്ഞ രാത്രി പത്തരയോടെയാണു സംഭവം. പുനലൂര്‍ ഭാഗത്തു നിന്നു കുണ്ടറയിലേക്കു പോവുകയായിരുന്നു കാര്‍. കുന്നിക്കോട് ഭാഗത്തു വച്ചാണു ടയര്‍ ഊരിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. ഇതറിയാതെ പാഞ്ഞുപോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും തടയാനായില്ല. ഇതിനിടെ ഏതാനും വാഹനങ്ങളില്‍ ഇടിച്ചതായും പരാതിയുണ്ട്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനു മുന്നിലൂടെയും കുതിച്ചുപാഞ്ഞ കാര്‍ കിള്ളൂരിനു സമീപം മണ്‍തിട്ടയില്‍ ഇടിച്ചുനിന്നു. തലയ്ക്കും മുഖത്തും മുറിവേറ്റ സാംകുട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.