യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും തടവും പിഴയും

Advertisement

കൊല്ലം: യുവാവിനെ വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. ഇളംമ്പള്ളൂര്‍ പെരുമ്പുഴ ഷാഫി മന്‍സിലില്‍ മുഹമ്മദ് ഷാഫി(30)യെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കൊറ്റംങ്കര കല്ലുവിളവീട്ടില്‍ ലാല്‍കുമാര്‍(41)നെ ശിക്ഷിച്ചത്.
2018 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ലാല്‍കുമാറും ഷാഫിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് വഴക്ക് തീര്‍ക്കാനെന്ന വ്യാജേന ഷാഫിയെ ആലുംമൂട്ടിലേക്ക് വിളിച്ച് വരുത്തി കുത്തിക്കൊല്ലുകയായിരുന്നു. ഷാഫിയുടെ കുഞ്ഞിനപ്പോള്‍ 20 ദിവസം മാത്രമായിരുന്നു പ്രായം. ഒളിവില്‍ പോയ ലാല്‍കുമാറിനെ കുണ്ടറ റെയില്‍വെ സ്റ്റേഷനു പരിസരത്തു നിന്നാണ് അറസ്റ്റു ചെയ്തത്.
കുണ്ടറ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ജയകുമാറും ഡി. ബിജുകുമാറും അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 28രേഖകളും എട്ട് വസ്തുക്കളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ നിയാസ്.എ, കെ.കെ. ജയകുമാര്‍ എന്നിവര്‍ ഹാജരായി.

Advertisement