കൊട്ടിയത്ത് ഏഴു വയസുകാരനായ സഹോദരനെ രക്ഷപെടുത്താന്‍ ശ്രമിച്ച പന്ത്രണ്ടുകാരനും കുളത്തില്‍ വീണ് മരിച്ചു

Advertisement

കൊട്ടിയം: കാല്‍ വഴുതി കുളത്തില്‍ വീണ ഏഴു വയസുകാരനായ സഹോദരനെ രക്ഷപെടുത്താന്‍ ശ്രമിച്ച പന്ത്രണ്ടുകാരനും കുളത്തില്‍ വീണ് മരിച്ചു. മൈലാപ്പൂര് പുതുച്ചിറ അല്‍ഹംദുലില്ലായില്‍ അനീസ് ഹയര്‍ നിസ ദമ്പതികളുടെ മക്കളായ ഫര്‍സിന്‍ (12), സഹോദരന്‍ അഹിയാന്‍ (7) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറേകാലോടെ ഉമയനല്ലൂര്‍ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി നടത്തിവരികയാണ്. ഇവിടെയെത്തിയ കുട്ടികള്‍ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകവെ അഹിയാന്‍ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. അഹിയാനെ രക്ഷിക്കാനിറങ്ങിയ ഫര്‍സീനും മുങ്ങി താഴുകയായിരുന്നു.
സംഭവസമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അല്‍പ്പ സമയത്തിന് ശേഷം അതുവഴി വരികയായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ചെരുപ്പുകള്‍ കരയില്‍ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയതായി കാണുന്നത്.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫര്‍സീന്റെ ജീവന്‍ നഷ്ടമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് അഹിയാന്‍ മരിച്ചത്. ഫര്‍സീന്‍ തട്ടാമല സ്‌കൂളില്‍ നിന്ന് ഏഴാംക്ലാസ് വിജയിച്ച് എട്ടാം ക്ലാസില്‍ ചെറുപുഷ്പം സ്‌കൂളില്‍ ചേര്‍ന്നതാണ്. അഹിയാന്‍ ചെറുപുഷ്പം സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ നിന്ന് രണ്ടാം ക്ലാസിലായിരുന്നു. കൊട്ടിയം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisement