വോട്ടെണ്ണാന്‍ സജ്ജം; ആദ്യ ഫലസൂചന എട്ടരയോടെ

Advertisement

കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് പറഞ്ഞു. കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാകും എണ്ണുക. എട്ടരയോടെ ഇലക്‌ട്രോണിക് മെഷീനുകള്‍ ടേബിളികളിലേക്ക് എത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി വോട്ടെണ്ണല്‍ ആരംഭിക്കും. ഏഴു നിയമസഭ മണ്ഡലങ്ങളിലേക്കും 14 ടേബിളുകള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്. പുനലൂര്‍, ചടയമംഗലം, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ 14 റൗണ്ടിലും കൊല്ലം, ചവറ, ഇരവിപുരം, പുനലൂര്‍ മണ്ഡലങ്ങളില്‍ 12 റൗണ്ടിലും വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനായി 33 ടേബിളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ വരെ 12048 പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചിട്ടുള്ളതായും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതീര്‍ന്ന ശേഷം മാത്രമെ വോട്ടിങ് മെഷീനിലെ അവസാന റൗണ്ട് വോട്ടുകള്‍ എണ്ണുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞു.
ഇലക്‌ട്രോണിക് മെഷീനിലെ വോട്ടെണ്ണലിനു ശേഷം ഓരോ നിയമസഭ മണ്ഡലത്തിലെയും നറുക്കിട്ടെടുത്ത അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ പ്രത്യേകം എണ്ണും. വോട്ടെണ്ണലിനായി 1300-ല്‍പരം ഉദ്യോഗസ്ഥരെ നിയമിച്ച്, അവര്‍ക്കുള്ള പരിശീലനങ്ങള്‍ നല്കിയതായും കളക്ടര്‍ പറഞ്ഞു.
വോട്ടെണ്ണലിന് ശേഷം വോട്ടിങ് മെഷീനുകളും അനുബന്ധരേഖകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ള ട്രഷറി സ്‌ട്രോങ് മുറികളിലും വെയര്‍ ഹൗസിലും സീല്‍ ചെയ്ത് സൂക്ഷിക്കും.

Advertisement