ശതാബ്ദി നിറവിൽ ശാസ്താംകോട്ട ജെഎംഎച്ച്എസ്

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവ് ടൗണിൽ 1934 ൽ പ്രവർത്തനം ആരംഭിച്ച ജെ.എം ഹൈസ്കൂൾ നൂറിന്റെ നിറവിലേക്ക്.വിദ്യാഭ്യാസ മേഖലയിൽ ബഹുദൂരം പിന്നിലായിരുന്ന പ്രദേശത്ത് കെ.ജെ ഉമ്മനാണ് പിതാവ് കെ.എൽ ജോണിന്റെ സ്മരണാർത്ഥം ഈ സ്കൂൾ സ്ഥാപിച്ചത്.പ്രിപ്പറേറ്ററി സ്കൂളായി തുടക്കം കുറിച്ച ജെ.എം.എച്ച്.എസ് പിന്നീട് മിഡിൽ സ്കൂൾ പദവിയിലേക്കെത്തി.1939 ൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ ആരംഭിച്ചു.1949 ലാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.ഇതിനു ശേഷം വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുച്ചാട്ടത്തിനാണ് ജെ.എം.എച്ച്.എസ് സാക്ഷ്യം വഹിച്ചത്.രാഷ്ട്രീയ-സാമൂഹിക-സംസ്ക്കാരിക- കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ സ്കൂളിന്റെ സംഭാവനയാണ്.5 മുതൽ 10 വരെ ക്ലാസുകളിലായി 1200 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലും നൂറുമേനി വിജയമാണ് ജെ.എം.എച്ച്.എസ് കരസ്ഥമാക്കിയത്.


ശതാബ്ദിയുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്.സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ശതാബ്ദി ആഘോഷങ്ങളുടെ
ലോഗോ പ്രകാശനം ചെയ്യും.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മാധ്യമപ്രവർത്തകനുമായ സി.പി രാജശേഖരൻ ഉദ്ഘാടനം ചെയ്യും.ലോഗോ പ്രകാശനം എസ്.ശ്രീലതയും വിളംബരഗാന പ്രകാശനം ചലച്ചിത്രതാരം കെ.ആർ ഭരതും നിർവഹിക്കുമെന്ന് മാനേജർ ഷാജി കോശി,ടിടിഐ പ്രിൻസിപ്പൽ ബിനു.ജി.വർഗീസ്,പ്രഥമാധ്യാപിക ലീന സക്കറിയ,പിടിഎ പ്രസിഡന്റ് നിസാം ഒല്ലായി,സെക്രട്ടറി അനീഷ് ബേബി,കൺവീനർ എം.എസ് വിനോദ്,സ്റ്റാഫ് സെക്രട്ടറി ഷിബു ബേബി,അധ്യാപക പ്രതിനിധികളായ ബാലു ശിവൻ,വിഷ്ണു.വി.നായർ എന്നിവർ അറിയിച്ചു.