കൊല്ലം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. കൊല്ലം പരവൂര്‍ സ്വദേശിനിയായ 27-കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് യുവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത്. ഇതിനായി കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി.
ആംബുലന്‍സ് പൈലറ്റ് ഷിജിന്‍ കെ.എന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പ്രിനു ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ എത്തി യുവതിയുമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു. ഇവര്‍ക്ക് സഹായമൊരുക്കാന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് അഞ്ജനയും അറ്റന്‍ഡര്‍ മിനിയും ആംബുലന്‍സില്‍ രോഗിയെ അനുഗമിച്ചു. ആംബുലന്‍സ് അഞ്ചല്‍ ബൈപാസ് എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പ്രിനു നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലന്‍സില്‍ തന്നെ പ്രസവം എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഏഴുമണിയോടെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പ്രിനുവിന്റേയും സ്റ്റാഫ് നേഴ്‌സ് അഞ്ജനയുടെയും പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഇരുവരും അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് ഷിജിന്‍ അമ്മയെയും കുഞ്ഞിനേയും തിരികെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.