ഡോ.വന്ദനദാസ് വധകേസ്: പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് മാറ്റിവച്ചു

Advertisement

കൊല്ലം: ഡോ.വന്ദനദാസ് വധകേസിലെ പ്രതി സന്ദീപിനെ വീണ്ടും കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ ഹാജരാക്കി. എന്നാല്‍ സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഹാജരാക്കുവാന്‍ സാവകാശം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി പ്രതിയായ സന്ദീപിനെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് മാറ്റിവച്ചു. രാവിലെ 11നാണ് സന്ദീപിനെ കോടതിയിലെത്തിച്ചത്. കേസിന്റെ വിചാരണ നടപടി ഏത് സമയത്തും ആരംഭിക്കുവാന്‍ തയ്യാറാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
നിലവില്‍ സ്റ്റേ ഉത്തരവ് ഇല്ലാത്ത സാഹചരൃത്തില്‍ പ്രതിയായ സന്ദീപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കാലതാമസമുണ്ടാകരുതെന്നൂം പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ മാപ്പ് പറയുന്നുവോ എന്ന കോടതിയുടെ ചോദ്യത്തിന് സന്ദീപ് നിശബ്ദനായി നിന്നു. തുടര്‍ന്ന് പ്രതിയെ 14ന് നേരിട്ട് ഹാജരാക്കുവാന്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. വികാരാധീനനായാണ് സന്ദീപ് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവര്‍ ഹാജരായി.

Advertisement