കൊല്ലം – എല്ലാ ജനവിഭാഗങ്ങളേയും വഞ്ചിച്ച സംസ്ഥാന സർക്കാരിൻ്റെ മുഖമടച്ച് സാധാരണക്കാർ നൽകിയ പ്രഹരമാണ് ഇടത് പക്ഷത്തിൻ്റെ തെരഞ്ഞെടുപ്പ് പരാജയമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള ഗൂഢശ്രമം അവസാനിപ്പിക്കുക, ജീവാനന്ദം പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ സമിതി കൊല്ലത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമ പെൻഷൻ വാങ്ങുന്ന പാവപ്പെട്ടവർ മുതൽ പി എസ് സി പരീക്ഷയെഴുതി നിയമനം കാത്ത് നിൽക്കുന്ന യുവാക്കൾ വരെ സർക്കാരിൻ്റെ വഞ്ചനയ്ക്ക് വിധേയരായിട്ടുണ്ട്. ക്ഷാമബത്ത, ലീവ് സറണ്ടർ തുടങ്ങി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളമൊഴികെയുള്ള നിരവധി ആനുകൂല്യങ്ങൾ കവർന്നെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുകയാണ്. ഒടുവിൽ ജീവനക്കാരുടെ ശമ്പളവും കവർന്നെടുക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് സർക്കാർ ജീവാനന്ദം പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പൂർണ്ണമായി പിന്തിരിയണമെന്നും പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.
കേരള എൻ.ജി ഒ സംഘ് സംസ്ഥാന കൗൺസിൽ അംഗം ആർ പ്രദീപ് കുമാർ അധ്യക്ഷനായി. ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ്, പെൻഷണേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് ഡി ബാബു പിള്ള, എൻ ടി യു ജില്ലാ ട്രഷറർ ആർ ഹരികൃഷ്ണൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി രാജേഷ് അർക്കന്നൂർ , എൻജിഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് വി, ജോയിന്റ് സെക്രട്ടറി നിമേഷ് മോഹൻ , എന്നിവർ സംസാരിച്ചു. ഫെറ്റോ ജില്ലാ സെക്രട്ടറി എ അനിൽകുമാർ സ്വാഗതവും പി കുമാർ നന്ദിയും പറഞ്ഞു.