ശാസ്താംകോട്ട. ശുദ്ധജല തടാകത്തിന്‍റെ നാട്ടില്‍ കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള റാംസര്‍ സൈറ്റ് ആയ ശാസ്താംകോട്ടയില്‍ തണ്ണീര്‍ത്തട പഠനകേന്ദ്രം വരുന്നു.
കേരള സംസ്ഥാന തണ്ണീർത്തട അതോറിട്ടി, വെറ്റ്‌ലാൻഡ്‌സ് ഇൻ്റർനാഷണൽ സൗത്ത് ഏഷ്യ, ഭൂമിത്രസേന ക്ലബ്ബ്, ബോട്ടണി ഡിപ്പാർട്ട്മെന്റ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തണ്ണീർത്തട പഠനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഇനീഷ്യേഷൻ വർക്ക്ഷോപ്പ് കെ.എസ്.എം ഡിബി കോളജിൽ സംഘടിപ്പിച്ചു. തണ്ണീര്‍ത്തടമെന്ന നിലയില്‍ അന്തര്‍ദേശീയ ശ്രദ്ധലഭിച്ചെങ്കിലും സംരക്ഷണത്തിന് ഒരു നടപടിയുമില്ലാതെ നാശത്തിലേക്കു നീങ്ങുന്ന തടാകത്തിന് ആശ്വാസമാണ് ഈ നടപടി. അന്തര്‍ദേശീയ പഠനസംഘങ്ങള്‍ തടാകത്തിന്‍റെ പ്രശ്നങ്ങള്‍ നിരന്തരം പഠിക്കുന്നതിനും സന്ദര്‍ശിക്കുന്നതിനും ഈ നീക്കം ഉതകും. തടാകതീരത്തെ കലാലയത്തിന് ഏറെ അഭിമാനകരമായ ഒരു കേന്ദ്രമാകും ഇത്.
ഡിബി കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറും ഭൂമിത്രസേന ക്ലബ്
കോ – ഓർഡിനേറ്ററുമായ പ്രൊഫ.ലക്ഷ്മി ശ്രീകുമാർ പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും തണ്ണീർത്തട സംരക്ഷണത്തിൻ്റെ പ്രാധാന്യം വിശദമാക്കുകയും ശിൽപശാല പരിചയപ്പെടുത്തുകയും ചെയ്തു.
പാരിസ്ഥിതിക സുസ്ഥിരതയിൽ തണ്ണീർത്തടങ്ങളുടെ നിർണായക പങ്ക് വ്യക്തമാക്കുന്ന ശിൽപശാല കെ എസ് എം ഡി ബി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന തണ്ണീർത്തട അതോറിറ്റി പരിസ്ഥിതി പ്രോഗ്രാം മാനേജർ ഡോ. ജോൺ സി. മാത്യു തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിൻ്റെ സംരംഭങ്ങളെയും നയങ്ങളെയുംകുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി. തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം ഭൂമിത്രസേനാ ക്ലബ്ബിന് വേണ്ടി ക്ലബ്ബ് ഫാക്കൽറ്റി-ഇൻ -ചാർജ് ശ്രീമതി. ലക്ഷ്മി ശ്രീകുമാർ, വെറ്റ്‌ലാൻഡ്‌സ് ഇൻ്റർനാഷണൽ സൗത്ത് ഏഷ്യയിലെ സീനിയർ ടെക്‌നിക്കൽ ഓഫീസർ ശ്രീ ഹർഷ് ഗണപതിയിൽ നിന്നും പ്രിൻസിപ്പാൾ പ്രൊഫ. ഡോ. കെ. സി. പ്രകാശൻ്റെയും സംസ്‌ഥാന തണ്ണീർതട അതോറിട്ടിലെ പ്രോഗ്രാം ഓഫീസറുമായ ഡോ. ജോൺ സി. മാതുവിൻ്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി.
WISA സീനിയർ ടെക്‌നിക്കൽ ഓഫീസർ ഹർഷ് ഗണപതി, തണ്ണീർത്തടങ്ങൾ നൽകുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങളും സേവനങ്ങളും, ജല ശുദ്ധീകരണം, ആവാസ വ്യവസ്ഥകൾ, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.
വെറ്റ്ലാൻഡ്സ് ഇൻ്റർനാഷണൽ സൗത്ത് ഏഷ്യയിലെ ജൂനിയർ ടെക്നിക്കൽ ഓഫീസർ ദയാദ്ര മണ്ഡൽ, തണ്ണീർത്തടങ്ങൾ, അവയുടെ തരങ്ങൾ, പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ആശയം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.പ്രോഗ്രാം അസോസിയേറ്റ് ഡയാന ദത്ത, വർക്ക്‌ഷോപ്പിൻ്റെ ലക്ഷ്യങ്ങളെയും സമയക്രമത്തെയും കുറിച്ചുള്ള അവലോകനം നടത്തി.
ഹർഷ് ഗണപതി തണ്ണീർത്തട ഡാറ്റ മാപ്പിംഗിനും ട്രാക്കിംഗിനും മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പ്രായോഗിക സെഷൻ നടത്തി. ഫീൽഡ് വർക്കിനും ഡാറ്റാ ശേഖരണത്തിനുമുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പങ്കാളികളെ സജ്ജരാക്കാനാണ് ഈ പരിശീലനം ലക്ഷ്യമിടുന്നത്.
തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുന്നതിനായി സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുത്തു. ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയിലെ അതുൽ പ്രസാദ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സിലെ ആദർശ് , ശ്യാം , സുവോളജി ഡിപ്പാർട്ട്മെന്റിലെ സ്മിത തുടങ്ങിയ വിദ്യാർത്ഥികളെ വെറ്റ്ലാന്റ് മിത്രങ്ങളായി തിരഞ്ഞെടുത്തു . ബോട്ടണി വിഭാഗം മേധാവി ഡോ. ഗീതാകൃഷ്ണൻ നായർ , ലൈബ്രേറിയൻ ഡോ.പി.ആർ ബിജു, ഭൂമിത്രസേനാ ക്ലബ്ബ് കോ ഫാക്കൽറ്റി-ഇൻ ചാർജ് ഡോ.പ്രീത ജി. പ്രസാദ്, സംസ്ഥാന തണ്ണീർത്തട അതോറിട്ടിയിലെ ശാസ്ത്രഞ്ജരുമായ അരുൺകുമാർ, അമൃത, ശ്രീമതി നിവേദിത, മാധ്യമപ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായ ഹരി കുറിശ്ശേരി, പരിസ്ഥിതി പ്രവർത്തകൻ ബാബുജി, രശ്മിദേവി, വിസ യിലെ ഇന്റേൺ ഭരത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.