വീണ്ടും താരമായി കണ്ടക്ടർ ബിലാൽ

Advertisement

ശാസ്താംകോട്ട:ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും ഡോർ തുറന്ന് തെറിച്ചു വീഴാനൊരുങ്ങിയ യാത്രക്കാരനെ ഒറ്റകൈ കൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് കണ്ടക്ടർ ബിജിത് ലാലെന്ന ബിലാൽ വീണ്ടും വാർത്തകളിൽ നിറയുന്നു.ദൈവത്തിന്റെ കരങ്ങളാണ് ദിവസങ്ങൾക്ക് മുമ്പ് യാത്രക്കാരനെ രക്ഷപ്പെടുത്തിയതെങ്കിൽ ഇപ്പോൾ അതേ കരങ്ങൾ സത്യസന്ധതയുടെ പ്രതിരൂപമായി മാറിയിരിക്കയാണ്.

ചവറ – പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സുനിൽ എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ബിലാലിന് കഴിഞ്ഞ ദിവസമാണ് പണവും മൊബൈൽ ഫോണും എടിഎം കാർഡും മറ്റുമടങ്ങിയ പഴ്സ് ലഭിച്ചത്.ബസ് പടപ്പനാൽ വിട്ടു കഴിഞ്ഞപ്പോഴാണ് ഒരു യാത്രക്കാരി സീറ്റിൽ കിടന്ന് കിട്ടിയതെന്ന് പറഞ്ഞ് ബിലാലിന് പഴ്സ് കൈമാറിയത്.അന്ന് വൈകിട്ടാണ് ഇത് തുറന്നു നോക്കിയത്.എന്നാൽ ആളെ കണ്ടെത്താൻ യാതൊരു മാർഗവുമില്ലായിരുന്നു.


ആളെത്തുമെന്ന പ്രതീക്ഷയിൽ പഴ്സ് സൂക്ഷിച്ചു വച്ചു.അടുത്ത ദിവസം കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെ ബന്ധപ്പെട്ട് പഴ്സ് നഷ്ടപ്പെട്ട യാത്രക്കാരി ബിലാലിന്റെ ഫോൺ നമ്പർ വാങ്ങി ബന്ധപ്പെടുകയായിരുന്നു.തുടർന്ന് പടപ്പനാലിൽ എത്തി യാത്രക്കാരി പഴ്സ് ഏറ്റുവാങ്ങി.ബിലാലിന്റെ നിർബന്ധപ്രകാരം പഴ്സിൽ ഉണ്ടായിരുന്ന പണമടക്കം എണ്ണിതിട്ടപ്പെടുത്തിയാണ് സന്തോഷ ചിരിയോടെ അവർ മടങ്ങിയത്.അതിനിടെ താൻ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ അജ്ഞാതനായ യാത്രക്കാരൻ തന്റെ സഹപാഠിയായ പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ സ്വദേശി ജയകൃഷ്ണൻ ആണെന്ന് പിന്നീടാണ് ബിലാൽ തിരിച്ചറിഞ്ഞത്.പടിഞ്ഞാറെ കല്ലട നെൽപ്പരക്കുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായിരുന്നു ഇരുവരും.ഏതായാലും സദ്പ്രവൃത്തികൾ കൊണ്ട് സ്വകാര്യ ബസ് ജീവനക്കാർക്ക് മാതൃകയായി മാറിയ ബിലാൽ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കയാണ്.

Advertisement