ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

പൂയപ്പള്ളി: പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടി കൊണ്ടുപോയ സംഭവത്തില്‍ നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റില്‍കര, മാരായമുട്ടം, രാഹുല്‍ ഭവനില്‍ ഗോകുല്‍ (24)നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കിയ ഗോകുല്‍ വാട്ട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്യുന്നതും, ഫോണ്‍ വിളിക്കുന്നതും പതിവായി. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന്സമീപത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ല എന്ന് അധ്യാപകര്‍ രക്ഷകര്‍ത്താക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഇതോടെ വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും പ്രദേശമാകെ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാല് മണിയോടെ സ്‌കൂള്‍ വിടുന്ന സമയത്ത് മടങ്ങി എത്തി. കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും ഗോകുലിനെക്കുറിച്ച് വിവരങ്ങള്‍ മനസിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഗോകുലിനെ റിമാന്റ് ചെയ്തു.