ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണണമെങ്കിൽ ‘പാട് ‘പെടണം;ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ വലഞ്ഞ് രോഗികൾ

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ അപ്രഖ്യാപിത മാറ്റങ്ങളും പരിഷ്കാരങ്ങളും രോഗികളെ വലയ്ക്കുന്നു.ഒ.പി ടിക്കറ്റ്
കൊടുക്കുന്ന കൗണ്ടറിൽ ഏത് വഴി എത്തണമെന്നോ ടിക്കറ്റ് എടുത്ത ശേഷം ഡോക്ടറുടെ അടുത്തേക്ക് ഏത് വഴി പോകണമെന്നോ രോഗികൾക്ക് യാതൊരു നിശ്ചയവുമില്ല.കൗണ്ടറിന്റെ ഇടതു ഭാഗത്തെ മതിലിനു സമീപമുള്ള ചെറിയ നടവഴിയിലൂടെ പ്രയാസപ്പെട്ടാൽ മാത്രമേ ഡോക്ടറുടെ അടുത്തേക്ക് എത്താൻ സാധിക്കൂ.മതിലിന്റെ നടുവിൽ വളവിലായി തലയിൽ മുട്ടുംവിധം ഇലക്ട്രിക് കേബുകളടക്കം കടന്നു പോകുന്നു.പ്രായമായതും അവശരായവരുമടക്കമുള്ളവർ ഈ ഭാഗത്തുകൂടി കടന്നു പോകണമെങ്കിൽ തല കൂനിച്ച് നുഴഞ്ഞ് കയറണം.തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇടുങ്ങിയ ഈ വഴി.ഇതിനാൽ ഭയപ്പാടോടെയാണ്
രോഗികൾ അടക്കമുളളവർ യാത്ര ചെയ്യുന്നത്.ആശുപത്രിയുടെ പ്രധാന കവാടത്തോട് ചേർന്നാണ് ഒ.പി കൗണ്ടർ പ്രവർത്തിക്കുന്നത്.ഇവിടെ നിന്നും ടിക്കറ്റ് എടുത്ത ശേഷം ഡോക്ടറെ കാണുന്നതിന് വലതു ഭാഗത്ത് നിർമ്മാണം നടക്കുന്ന മാതൃ -ശിശു ബ്ലോക്കിന് സമീപത്തു കൂടിയുള്ള നടവഴിയിലൂടെയാണ് നാളുകളായി രോഗികൾ സഞ്ചരിച്ചിരുന്നത്.എന്നാൽ മഴ ശക്തമായതോടെ ഇടിഞ്ഞു താഴാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ഈ വഴി അടയ്ക്കുകയായിരുന്നു.എന്നാൽ മറ്റൊരു വഴി സാധ്യമാക്കാനോ,വഴി അടച്ച വിവരവും ഏത് വഴി പോകണമെന്ന് അറിയിക്കാനുള്ള സംവിധാനം അധികൃതർ ഒരുക്കാത്തതാണ് വിനയായത്.തിരക്കേറിയ തിങ്കളാഴ്ച എണ്ണൂറോളം രോഗികളാണ് ഒ.പി യിൽ മാത്രമെത്തിയത്.കൂടെ എത്തിയവരും അത്രത്തോളം വരും.എന്നാൽ വഴി അറിയാതെ,ദിക്കറിയാതെ രോഗികൾ വലഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ലെന്ന് ആക്ഷേപമുണ്ട്.

Advertisement