കൊല്ലം: എടിഎമ്മില്‍ നിന്ന് ലഭിക്കാത്ത 10,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചെലവിനത്തില്‍ 5000 രൂപയും ഉള്‍പ്പെടെ 40,000 രൂപ ഉപഭോക്താവിന് നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി.
കൊല്ലം പോലീസ് വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ വി. സുപ്രഭ 2019 ഏപ്രില്‍ 12-ന് ഇരവിപുരം കാനറാ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 20,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ 10,000 രൂപ മാത്രമാണ് ലഭിച്ചത്.
ഇവരുടെ കൊല്ലം സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20,000 രൂപ കുറവ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബാങ്കിലും ബാങ്കിംഗ് ഓംബുഡ്‌സ്മാനും പരാതി നല്‍കിയെങ്കിലും അവ തള്ളുകയുണ്ടായി.
തുടര്‍ന്നാണ് സുപ്രഭ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ വിചാരണ നടത്തിയ ശേഷമാണ് നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ. സി. പദ്മകുമാരന്‍ നായര്‍ കമ്മീഷനില്‍ ഹാജരായി.