ചാത്തിനാംകുളത്ത് നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി… രണ്ടുപേർ അറസ്റ്റിൽ

Advertisement

ചാത്തിനാംകുളത്തുനിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. സംഭവമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം കുറ്റിവിള ജംഗ്ഷൻ സ്വദേശികളായ ഹാരിസ്,ഷാജിറ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ലഹരിപദാർത്ഥങ്ങളുടെ വിൽപ്പന നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികളുമായി ചത്തിനാംകുളം മുസ്ലിം ജമാഅത്ത് രംഗത്ത് എത്തിയിരുന്നു. രണ്ടുദിവസം മുമ്പ് ജമാഅത്ത് അംഗങ്ങൾ സംഘടിക്കുകയും സ്ഥാപനങ്ങളിൽ എത്തി മുന്നറിയിപ്പ് നൽകുകയും നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയിൽ ഏർപ്പെടുന്നവരുടെയും കുടുംബത്തിന്റെയും മതപരമായ ഒരാവശ്യങ്ങൾക്കും ജമാഅത്ത് സഹകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു ശേഷവും ഷാജിറയുടെ കടയിൽ നിരോധിത പുകയിലെ ഉൽപ്പന്നങ്ങൾ വിൽപ്പന തുടർന്നതോടെ ഇത് വാങ്ങിക്കാൻ എത്തിയ വിദ്യാർത്ഥികളെ ചൊവ്വാഴ്ച നാട്ടുകാർ സംഘടിച്ച് തടഞ്ഞു വെക്കുകയായിരുന്നു. പോലീസിലും വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ കടയിൽ നിന്നും ഹാരിസിന്റെ വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.