കഞ്ചാവ് പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം; പ്രതി പിടിയില്‍

Advertisement

ഓച്ചിറ: ഓച്ചിറ കല്ലൂര്‍ മുക്കിന് സമീപം കഞ്ചാവ് വില്‍പ്പന നടത്തി വന്ന പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യാഗസ്ഥന് നേരെ അതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ, വയനകം കൈപ്പള്ളില്‍ വീട്ടില്‍ തരുണ്‍.ജി. കൃഷ്ണന്‍ (32) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഓച്ചിറ കല്ലൂര്‍ മുക്കിന് സമീപം കഞ്ചാവ് വില്‍പ്പന നടത്താന്‍ എത്തിയ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥനെ പാറക്കല്ലിന് മുകളിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. വീഴ്ചയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഇടത് കൈയ്യുടെ തോളെല്ലിനും വലത് കാല്‍മുട്ടിനും പരിക്കേറ്റു. തുടര്‍ന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാമോളം വരുന്ന കഞ്ചാവ് പൊതിയും ഇയാളില്‍ നിന്നും കണ്ടെടുത്തു. കഞ്ചാവ് പോലെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ചെറു പൊതികളിലാക്കി
ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു പ്രതി. ഓച്ചിറ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്.സിപിഒ ശ്രീജിത്ത്, സിപിഒമാരായ സുനില്‍, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.